സംസ്ഥാനത്ത് ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്
സംസ്ഥാനത്ത് ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ  മഴ തുടരും; കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണുള്ളത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാനമൊട്ടാകെ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും പ്രളയത്തിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാൻ സന്നദ്ധരാവണമെന്നും മുന്നറിയിപ്പുണ്ട്. അതെ സമയം അതിശക്തമായ മഴയാണ് സംസ്ഥാനമൊട്ടാകെ പെയ്തത്.കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.

തെക്കന്‍ കേരളത്തിലും മഴ കനക്കുകയാണ്. പലയിടത്തും ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നഗരമേഖലകളില്‍ അടക്കം വെള്ളക്കെട്ട് തുടരുകയാണ്. നെടുമങ്ങാട് വെമ്പായത്തും, കാട്ടാക്കടയിലും വീടുകളിലും വെള്ളം കയറി. കൊല്ലത്തും സമാനമാണ് സ്ഥിതി. കല്ലുവാതുക്കല്‍, കരീക്കോട്, ചാത്തന്നൂര്‍, കുരീപുഴ ഭാഗങ്ങളില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഹൈവേയില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മരംവീണും ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കിള്ളൂരിന് സമീപം ബ്രേക്ക്ഡൗണായ ലോറിക്ക് പിന്നില്‍ കാറുകള്‍ ഇടിച്ചുകയറി അപകടം ഉണ്ടായി. അതിനിടെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്.

സംസ്ഥാനത്ത് ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ  മഴ തുടരും; കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്,മൂന്ന് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com