കോഴിക്കോട്: സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നതായി പറഞ്ഞുകേള്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. അത് സാധ്യമല്ല. ഒരു ശരീരവും ഒരു മനസ്സുമാണ്. മുസ്ലിം ലീഗിന്റെ ശക്തി സമസ്തയും സമസ്തയുടെ ഊര്‍ജ്ജം മുസ്ലിം ലീഗുമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
'ഈ ബന്ധം തലമുറകളായി ദൃഢമാണ്. എല്ലാ സമൂഹങ്ങളും സമുദായങ്ങളും ഒറ്റക്കെട്ടാണ്. ഈ സൗഹൃദമാണ് മഹല്ലുകളിലും നമുക്ക് ആവശ്യം. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇതിന് വീഴ്ച്ച വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുത്. അനൈക്യത്തിന് ശ്രമിക്കുന്നവരോട് കൂട്ട് കൂടാതിരിക്കുക.' സാദിഖലി തങ്ങള്‍ പറഞ്ഞു.
ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ മുസ്ലിം സമൂഹം എവിടെയാണെന്ന് ചോദിച്ചാല്‍ അത് കേരളത്തിലാണെന്ന് പറയാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലിങ്ങള്‍ കേരളത്തിലേതിനേക്കാള്‍ കൂടുതലുള്ള പ്രദേശം വേറെയുമുണ്ട്. പക്ഷെ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ ഏറെയുണ്ട്. പലസ്തീന്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണല്ലേയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ലോകത്ത് ഇസ്ലാമിക ഐക്യത്തിന്റെ അഭാവം നിഴലിച്ചു കാണുന്നു. പലസ്തീനെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്താനുള്ള സമ്പത്ത് ലോകത്തിലെ മുസ്ലിം സമൂഹത്തിന്റെ കൈയ്യിലുണ്ട്.
രാഷ്ട്രീയ, സൈനിക ശക്തി മുസ്ലിം രാഷ്ട്രങ്ങള്‍ക്കുണ്ട്. ഇതൊന്നും ഇല്ലെങ്കിലും സാമ്പത്തിക ശക്തിയുണ്ട്. ഒരുമിച്ച് നിന്ന പ്രവര്‍ത്തിക്കുമ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതിനേക്കാള്‍ ശക്തികിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച സ്‌നേഹ സദസ്സില്‍ ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഒരേ വേദിയില്‍ എത്തിയിരുന്നു.
വിവിധ മതസാമുദായിക സംഘടനാ നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവരും സ്‌നേഹ സദസില്‍ പങ്കെടുത്തിരുന്നു. ലീഗ്- സമസ്ത തര്‍ക്കം ഇരു വിഭാഗങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനിടെയായിരുന്നു ഇരുനേതാക്കളും ഒരേ വേദിയില്‍ എത്തിയത്.