'ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി';മോദിയുടെ ഗാന്ധി പരാമർശത്തില്‍ സ്വരാജ്

‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്
'ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി';മോദിയുടെ ഗാന്ധി പരാമർശത്തില്‍ സ്വരാജ്
Updated on

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിൽ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്. ഇതിനെതിരെയാണ് എം സ്വരാജിന്റെ വിമർശനം. ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് സ്വാരാജ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

''ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ...!! അതായത്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി..!''

1982-ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്നാണ് മോദി പറഞ്ഞത്. ഇതോടെ പരാമര്‍ശം വിവാദമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഗാന്ധിയെ അറിയാന്‍ ഒരു സിനിമ കാണേണ്ട ആവശ്യം ഒരു എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കേയുള്ളൂവെന്ന് രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 1982 ന് മുമ്പ് മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്ത ലോകത്തിലെ എവിടെയാണ് പുറത്തുപോകാന്‍ ഇരിക്കുന്ന പ്രധാനമന്ത്രി ജീവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു. മഹാത്മാഗാന്ധിയുടെ പൈതൃകം തര്‍ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്, അദ്ദേഹത്തിന്റെ സര്‍ക്കാരാണ്. അവരാണ് വാരാണസിയിലെയും ഡല്‍ഹിയിലെയും അഹമ്മദാബാദിലെയും ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ തകര്‍ത്തത് എന്നും ജയറാം രമേശ് വിമര്‍ശിച്ചു.

'മഹാത്മ ഗാന്ധി ഒരു മഹത് വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ?. എന്നാല്‍ ആരും അദ്ദേഹത്തെ അറിഞ്ഞില്ല. 'ഗാന്ധി' സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാന്‍ ലോകം താല്‍പര്യം കാണിച്ചത്' എന്നായിരുന്നു മോദി അഭിമുഖത്തില്‍ പറഞ്ഞത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും അടക്കമുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരണെങ്കിലും മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിയാതെ പോയെന്നും മോദി പറഞ്ഞു. ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷമാണ് താനിത് പറയുന്നതെന്നും മോദി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com