വീണാ വിജയന്റെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്, ലാവ്ലിനും പിഡബ്ല്യുസിയും പണം നിക്ഷേപിച്ചു; ഷോൺ ജോർജ്

തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറി
വീണാ വിജയന്റെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്, ലാവ്ലിനും പിഡബ്ല്യുസിയും പണം നിക്ഷേപിച്ചു; ഷോൺ ജോർജ്
Updated on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കമ്പനികളിൽ നിന്ന് വൻ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കി.

ഒരു ഇന്ത്യൻ പൗരൻ വിദേശത്തു അക്കൗണ്ട് തുടങ്ങിയാൽ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യണം. വീണയുടെ ഇൻകം ടാക്സ് റിട്ടേൺസിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

അബുദാബി കൊമേഴ്സ് ബാങ്കിൽ എക്സാ ലോജിക്കിന് അക്കൗണ്ട് ഉണ്ട്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. ഈ ഇടപാടുകൾ കരിമണൽ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. ‌സംശയ നിഴലിലുള്ള കമ്പനികളിൽ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം സുനീഷ് എന്നൊരാളുടെയും പേരിൽ ഉള്ളതാണ് അക്കൗണ്ട്. ലാവലിൻ, പിഡബ്ല്യുസി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആർഎല്ലിൽ നടന്ന ഇടപാടുകളും കണ്ടെത്തണമെന്നും ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടു.

വിദേശ പണം ഇടപാടിനെ കുറിച്ചും അക്കൗണ്ടിനെക്കുറിച്ചും കൂടുതൽ അന്വേഷണം വേണം. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സ്വപ്ന സുരേഷിന്റ ആരോപണങ്ങൾ പലതും ശരിയാണെന്ന് തെളിയുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു. വീണാ വിജയന്റെ ഈ വിദേശ അക്കൗണ്ടിൽ നിന്ന് തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് പോയത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എന്തിന് വേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

വീണാ വിജയന്റെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്, ലാവ്ലിനും പിഡബ്ല്യുസിയും പണം നിക്ഷേപിച്ചു; ഷോൺ ജോർജ്
'എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട്'; പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണം; ഷോണ്‍ ജോര്‍ജ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com