ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഒളിവില്‍ പോയ സിഐ സുനില്‍ദാസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Updated on

മലപ്പുറം: വളാഞ്ചേരിയില്‍ ക്വാറി ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ തട്ടിയ വളാഞ്ചേരി സിഐ സുനില്‍ദാസ്, എസ്‌ഐ ബിന്ദുലാല്‍ എന്നിവരെയാണ് ഉത്തരമേഖലാ ഐജി സസ്‌പെന്റ് ചെയ്തത്. ഒളിവില്‍ പോയ സിഐ സുനില്‍ദാസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വളാഞ്ചേരിയിലെ ക്വാറിയില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് മുപ്പതിന് അനുമതിയില്ലാതെ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടിയിരുന്നു. 22 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഈ കേസില്‍ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇടനിലക്കാരന്‍ വഴി സിഐയും സംഘവും ലക്ഷങ്ങള്‍ തട്ടിയത്. പൊലീസുകാരുടെ സഹായിയും ഇടനിലക്കാരനായ അസൈനാര്‍ വഴിയാണ് ക്വാറിയുടമ നിസാര്‍ 22 ലക്ഷം രൂപ കൈമാറിയത്.

വളാഞ്ചേരി എസ്‌ഐയായ ബിന്ദുലാല്‍ 10 ലക്ഷവും സിഐ സുനില്‍ദാസ് എട്ട് ലക്ഷവും ഇടനിലക്കാരന്‍ അസൈനാര്‍ നാല് ലക്ഷവും കൈപ്പറ്റി. സംഭവത്തെക്കുറിച്ച് മലപ്പുറം എസ്പി എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കിയത്. എസ്ഐ ബിന്ദുലാലിനേയും ഇടനിലക്കാരനായ അസൈനാരേയും ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി കെ സേതുരാമനാണ് സിഐ സുനില്‍ദാസിനേയും എസ് ഐ ബിന്ദുലാലിനേയും സസ്‌പെന്റ് ചെയ്തത്. ഒളിവില്‍ പോയ സിഐ സുനില്‍ ദാസിനായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്രിമിനല്‍ ഗൂഢാലോചന, കൊള്ളയടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com