'തിരഞ്ഞെടുപ്പ് മാനേജര്‍'ക്ക് തന്നെ വിജയം; തോല്‍ക്കാന്‍ മനസ്സില്ലാതെ അടൂര്‍ പ്രകാശ്

ഇത്തവണ കരുത്തനായ വി ജോയ് എന്ന സിപിഐഎം നേതാവിനെ തന്നെ രംഗത്തിറക്കിയപ്പോഴും അടൂര്‍ പ്രകാശിന്റെ മുഖത്തൊരു ഭയപ്പാടും കണ്ടിരുന്നില്ല.
'തിരഞ്ഞെടുപ്പ് മാനേജര്‍'ക്ക് തന്നെ വിജയം; തോല്‍ക്കാന്‍ മനസ്സില്ലാതെ അടൂര്‍ പ്രകാശ്
Updated on

തിരുവനന്തപുരം: മികച്ച തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് വിദഗ്ധന്‍ എന്ന പേരിലാണ് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് അറിയപ്പെടുന്നത്. അത് വെറുതെ പറയുന്നതല്ല എന്ന് തെളിയിച്ചുകൊണ്ടാണ് ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് വിജയിച്ചുകയറിയത്. സിപിഐഎം കോട്ടയായിരുന്ന കോന്നിയിലും പിന്നീട് മറ്റൊരു കോട്ടയായ ആറ്റിങ്ങലിലും വിജയിച്ച് തിരഞ്ഞെടുപ്പ് വിജയം നേടുക എന്നത് തനിക്ക് വിഷയമുള്ളൊരു കാര്യമല്ല എന്ന് പറയുകയാണ് അടൂര്‍ പ്രകാശ്. ഇത്തവണ കരുത്തനായ വി ജോയ് എന്ന സിപിഐഎം നേതാവിനെ തന്നെ രംഗത്തിറക്കിയപ്പോഴും അടൂര്‍ പ്രകാശിന്റെ മുഖത്തൊരു ഭയപ്പാടും കണ്ടിരുന്നില്ല. അത് ശരിയാണെന്ന് തെളിയിച്ചാണ് അവസാന ഘട്ടത്തിലെ 1708 വോട്ടിന്റെ വിജയം.

ആറ്റിങ്ങല്‍ മണ്ഡലം രൂപംകൊണ്ടതിനുശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിന് ഒപ്പമായിരുന്നു. 2019 ല്‍ മണ്ഡലം യുഡിഎഫിന് നേടികൊടുത്ത ആത്മവിശ്വാസവുമായാണ് അടൂര്‍ പ്രകാശ് ഇത്തവണ ആറ്റിങ്ങലില്‍ മത്സരത്തിനിറങ്ങിയത്. 2019ൽ സിപിഐഎം സ്ഥാനാ‍ർത്ഥി എ സമ്പത്തിനെ പരാജയപ്പെടുത്തി 3,80,995 വോട്ടുകളോടെയാണ് അടൂ‍ർ പ്രകാശ് വിജയിച്ചത്. 38,247 ഭൂരിപക്ഷമായിരുന്നു നേടിയത്.

എന്‍ കുഞ്ഞിരാമന്റെയും വിഎം വിലാസിനിയുടെയും മകനായി 1952 മെയ് 24ന് അടൂരിലാണ് പ്രകാശ് ജനിച്ചത്. ചെമ്പഴന്തി ശ്രീനാരായണ കോളേജില്‍ നിന്നു ബിരുദവും തിരുവനന്തപുരത്തെ കേരള ലോ അക്കാദമി കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി.

പഠനകാലത്തുതന്നെ കെഎസ്‌യു വിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. 1996 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി കോന്നി മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലെത്തി. പിന്നെ ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോന്നി അടൂര്‍ പ്രകാശിനെ കൈവിട്ടിട്ടില്ല. 2001, 2006, 2011, 2016 പൊതു തിരഞ്ഞെടുപ്പുകളിലും കോന്നി മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2011 മുതല്‍ 2012 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ -കയര്‍ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2012 ല്‍ മന്ത്രിസഭാ പുനസംഘാടനം നടന്നപ്പോള്‍ ഭൂ റവന്യൂ മന്ത്രിയായി. 2019ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com