ആലപ്പുഴയ്ക്ക് കെസി മതി; ആരിഫിന് പരാജയം; ശോഭകെട്ട് എൻഡിഎ

കോണ്‍ഗ്രസിന്റെ ദേശീയ മുഖവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ സി വേണുഗോപാല്‍ നിലവില്‍ രാജ്യസഭാംഗമാണ്
ആലപ്പുഴയ്ക്ക് കെസി മതി; ആരിഫിന് പരാജയം; ശോഭകെട്ട് എൻഡിഎ
Updated on

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്നു ആലപ്പുഴ. എന്നാൽ ഇത്തവണ സ്ഥിതി മാറി. യുഡിഎഫ് സ്ഥാനാർ‌ഥി കെ സി വേണുഗോപാൽ അര ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ആലപ്പുഴ പിടിച്ചെടുത്തത്. രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്ന വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. 2019ൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയ കരുത്തോടെ ഇറങ്ങിയ സിപിഐഎമ്മിന്റെ എ എം ആരിഫിന് നിരാശയായിരുന്നു ഫലം. മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

കോണ്‍ഗ്രസിന്റെ ദേശീയ മുഖവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ സി വേണുഗോപാല്‍ നിലവില്‍ രാജ്യസഭാംഗമാണ്. 2017 മുതല്‍ കോണ്‍ഗ്രസിന്റെ എഐസിസി ജനറല്‍ സെക്രട്ടറിയാണ്. 2004 മുതല്‍ 2006 മെയ് വരെ കേരള നിയമസഭയിലെ ടൂറിസം, ദേവസ്വം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്. 1987ല്‍ കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലക്കാരനായ വേണുഗോപാല്‍ 1992 മുതല്‍ 2000 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജന്മനാട് കണ്ണൂരാണെങ്കിലും വേണുഗോപാലിന്റെ പ്രവര്‍ത്തനമേഖല ആലപ്പുഴയായിരുന്നു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ആലപ്പുഴയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001, 2006, വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍ നിന്നു ജയിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലായിരുന്നു മന്ത്രി സ്ഥാനം വഹിച്ചത്.

2009-ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിറ്റിംഗ് എംപിയായിരുന്ന ഡോ. കെ എസ് മനോജിനെ തോല്‍പ്പിച്ച് ആദ്യമായി ലോക്സഭയില്‍ അംഗമായി. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വേണുഗോപാലിനെ കോണ്‍ഗ്രസ് പാര്‍ട്ടി രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി ഗ്രാമത്തില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടേയും ജാനകിയമ്മയുടേയും മകനായി 1963 ഫെബ്രുവരി നാലിനാണ് ജനനം. കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. കായിക മേഖലയിലും മികവ് തെളിയിച്ചിരുന്നു. സ്‌കൂള്‍ പഠനകാലത്ത് കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയര്‍ വോളിക്യാപ്റ്റനായിരുന്നു. ആശയാണ് ഭാര്യ. ഗോകുല്‍, പാര്‍വ്വതി മക്കളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com