ബിജെപി അക്കൗണ്ട് തുറന്നു; തൃശ്ശൂരില്‍ സുരേഷ് ഗോപി

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി എസ് സുനില്‍ കുമാര്‍ ആണ് രണ്ടാം സ്ഥാനത്ത്
ബിജെപി അക്കൗണ്ട് തുറന്നു; തൃശ്ശൂരില്‍ സുരേഷ് ഗോപി
Updated on

തൃശ്ശൂര്‍: എകസിറ്റ് പോള്‍ പ്രവചനം യാഥാര്‍ഥ്യമായി. കേരളത്തില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി എസ് സുനില്‍ കുമാര്‍ ആണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോളുകളുടെ പ്രവചനത്തോടെ അത് തൃശ്ശൂരില്‍ നിന്നായിരിക്കുമെന്ന സൂചന ഉയര്‍ന്നിരുന്നു. അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ഏത് വിധേനയും കേരളത്തില്‍ ഒരു സീറ്റെങ്കിലും ഉറപ്പിക്കുക എന്ന ലക്ഷ്യമിട്ട് തന്നെയാണ് ഒരു തവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച് തോല്‍വിയേറ്റു വാങ്ങിയ സുരേഷ് ഗോപിയെ തന്നെ ഒരിക്കല്‍ കൂടെ ഇവിടെ ബിജെപി കളത്തിലിറക്കിയത്. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം വോട്ടാകുമെന്ന വിലയിരുത്തലായിരുന്നു ബിജെപിക്ക്. ആ കണക്കുകൂട്ടല്‍ ശരിയായെന്നാണ് തിരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നത്.

തുടക്കത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തില്‍, ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. കഴിഞ്ഞ തവണ 39.84 ശതമാനത്തോടെ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനം വോട്ട് ഷെയറും 3,21,456 വോട്ടും കിട്ടി. അന്ന് മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് (28.2 ശതമാനം) ലഭിച്ചത്. ഇക്കുറി പാര്‍ലമെന്റില്‍ ബിജെപി കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കുന്നതോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കേരളത്തില്‍ ബിജെപിക്കും സുരേഷ് ഗോപിക്കും ഇത് കുതിപ്പായി മാറും.

നടനും പത്മശ്രീ ജേതാവുമായ സുരേഷ് ഗോപിക്ക് ലോക്‌സഭയിലേക്ക് ഇത് രണ്ടാം അങ്കമായിരുന്നു. 2019ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തൃശ്ശൂരില്‍ നിന്ന് 2021ല്‍ നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016 മുതല്‍ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഗായകനും ടെലിവിഷന്‍ അവതാരകനും കൂടിയാണ്. പഠന കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍, പില്‍കാലത്ത് ബിജെപി അംഗമാവുകയും രാജ്യസഭയിലെത്തുകയുമായിരുന്നു.

1958 ജൂണ്‍ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥന്‍ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിലാണ് ജനനം. 1965ല്‍ ഏഴാമത്തെ വയസില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് നിന്നും സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. രാധികയാണ് ഭാര്യ. പരേതയായ ലക്ഷ്മി, ഭവാനി, ഭാഗ്യ, ഗോകുല്‍, മാധവ് എന്നിവരാണ് മക്കള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com