കടത്തനാടന്‍ മണ്ണിലെ ചേകവന്‍ ഷാഫി തന്നെ

ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ ജയം
കടത്തനാടന്‍ മണ്ണിലെ ചേകവന്‍ ഷാഫി തന്നെ
Updated on

വടകര: ഇടത് വലത് മുന്നണികള്‍ അക്ഷരാര്‍ത്ഥത്തില്‍ പതിനെട്ടടവും പ്രയോഗിച്ച കടത്തനാടിന്റെ കളരിത്തട്ടില്‍ ഒടുവില്‍ വിജയം ഷാഫി പറമ്പിലിനൊപ്പം. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയാണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ വടകരയില്‍ സിപിഐഎമ്മിലെ പി ജയരാജനെതിരെ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയ കെ മുരളീധരന്‍ വിജയിച്ചത്. കഴിഞ്ഞ തവണത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ പരാജയം സിപിഐഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. പി ജയരാജന് ടി പി വധം, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പങ്കുണ്ടെന്ന യുഡിഎഫ് പ്രചാരണം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍, ഇക്കുറി ശൈലജയെ രംഗത്തിറക്കി വടകര തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലായിരുന്നു പാര്‍ട്ടിക്ക്. സിപിഐഎമ്മിന്റെ ആ നീക്കവും പാളിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷവും സൈബര്‍ ഇടത്തിലെ വാദപ്രതിവാദങ്ങളില്‍ വടകര തിരഞ്ഞെടുപ്പ് ഗോഥയില്‍ സജീവ ചര്‍ച്ചയായിരന്നു. വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.

2019ല്‍ പി ജയരാജനെ നേരിടാന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും കെ മുരളീധരന്‍ എത്തിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ ആവേശത്തിരയിളക്കം യുഡിഎഫ് കേന്ദ്രങ്ങളില്‍ വിശേഷിച്ച് ലീഗ് കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ ഷാഫിക്ക് സാധിച്ചിരുന്നു. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ സിറ്റിങ്ങ് എംപിയായ കെ മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറിയപ്പോഴാണ് ഷാഫിക്ക് വടകരയില്‍ നറുക്ക് വീണത്. അക്രമ രാഷ്ട്രീയവും ടി പി രക്തസാക്ഷിത്വവും ഇക്കുറിയും പതിവുപോലെ യുഡിഎഫ് വടകരയുടെ തിരഞ്ഞെടുപ്പ് ഗോഥയില്‍ ചര്‍ച്ചയായിരുന്നു.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജ നേടിയ ജനപ്രീതി മണ്ഡലത്തില്‍ തുണയ്ക്കുമെന്നതും സിപിഐഎം പരിഗണിച്ചിരുന്നു. കെ കെ ശൈലജയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഐഎം പ്രചാരണത്തിന്റെ പ്രധാന കുന്തമുന. എന്നാല്‍ സഭയിലും പുറത്തും യുവത്വത്തിന്റെ ശബ്ദമാണ് ഷാഫി പറമ്പില്‍. സമരങ്ങളില്‍ സമരസപ്പെടാത്ത, യുവജനങ്ങളുടെ പ്രിയനേതാവുമായിരുന്നു. ഈ പ്രതിച്ഛായ കൃത്യമായി ഉപയോഗിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണ നീക്കം. ഇതു വിജയം കണ്ടു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

2004ലാണ് ഏറ്റവും ഒടുവില്‍ ഇടതുമുന്നണി വടകരയില്‍ വിജയം കുറിച്ചത്. 2004ല്‍ എല്‍ഡിഎഫിന്റെ പി സതീദേവി 1,30,589 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2009ല്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ 56,186 വോട്ടുകളുടെ ഭൂരിപക്ഷവുമായി ജയിച്ചു. 80.40 ശതമാനമായിരുന്നു 2009ലെ പോളിങ്ങ്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 81.37 ശതമാനം വോട്ടുകള്‍ പിറന്നപ്പോള്‍ 3,306 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് നേടാനായത്. അന്ന് എ എന്‍ ഷംസീറായിരുന്നു ഇടത് സ്ഥാനാര്‍ഥി. 82.67 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2019ല്‍ യുഡിഎഫിന്റെ കെ മുരളീധരന്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വടകരയില്‍ വിജയിച്ച് കയറിയത്. നിലവില്‍ പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പില്‍ കോണ്‍ഗ്രസിന്റെ ശക്തനായ യുവജന നേതാക്കളിലൊരാളാണ്. 2011 മുതല്‍ പാലക്കാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2020മുതല്‍ 2023 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 2011, 2016 വര്‍ഷങ്ങളില്‍ രണ്ട് തവണയായി പാലക്കാട് നിയമസഭാംഗമായി.

2007ല്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2009ല്‍ സംസ്ഥാന പ്രസിഡന്റുമായി ചുമതലയേറ്റിരുന്നു. 2017-2018 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ വില്ലേജില്‍ ഷാനവാസ്, മൈമൂന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12നാണ് ജനനം. പട്ടാമ്പി ഗവ. കോളേജില്‍ നിന്ന് ബിരുദ പഠനവും പിന്നീട് എംബിഎ പഠനവും പൂര്‍ത്തിയാക്കി. അഷീല അലിയാണ് ഭാര്യ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com