തിരുവനന്തപുരം: തൃശ്ശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിജെപി ഡീൽ ഉണ്ടായെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ മുരളീധരന്റെ ഒരു ലക്ഷം വോട്ട് സുരേഷ് ഗോപിക്ക് പോയി. എൽഡിഎഫിന്റെ വോട്ടിൽ കുറവ് സംഭവിച്ചിട്ടില്ല. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ് എന്നും ഇ പി ജയരാജൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
പ്രകാശ് ജാവ്ദേക്കറെ കണ്ടു എന്ന തിരഞ്ഞെടുപ്പ് ദിവസത്തെ തന്റെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായിട്ടില്ല. തന്റെ വെളിപ്പെടുത്തൽ സ്വാധീനമുണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ഒരു മഹാനല്ല താൻ. ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചത്.
രാജ്യസഭാ സീറ്റ് ആർക്ക് നൽകുമെന്നതു സംബന്ധിച്ച് മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകും. പ്രശ്നം ഇതുവരെ മുന്നണിയിൽ ചർച്ച ആയിട്ടില്ല. വിഷയം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കും. എല്ലാവരും തീരുമാനം അംഗീകരിക്കുകയും ചെയ്യും. കേരള കോൺഗ്രസ് (എം)ന്റെ ഭാവി എൽഡിഎഫിൽ സുരക്ഷിതമാണ്. വലിയ അപമാനം നേരിട്ടതിനു ശേഷമാണ് കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരല്ല കേരള കോൺഗ്രസ് എം. യുഡിഎഫ് ഇപ്പോൾ ദുർബലമാണ്. കേരള കോൺഗ്രസ് എമ്മിനെ മടക്കിക്കൊണ്ടു പോകണം എന്ന ചർച്ച ഇതിന്റെ ഭാഗമാണ്.
ഇപ്പോൾ മത്സരിച്ചാലും ഇടതുമുന്നണിക്ക് 100 നിയമസഭ സീറ്റ് ഉറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. അത് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
സർക്കാരിനെതിരായ സിപിഐഎം പ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചും ജയരാജൻ പ്രതികരിച്ചു. സർക്കാരിനെതിരെ പോസ്റ്റിടുന്നവർ പാർട്ടി സഖാക്കളല്ല. മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിടുന്നവർ മാർക്സിസ്റ്റ് വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രിയെ വിമർശിക്കാൻ നേതാക്കൾക്ക് ഭയമുണ്ടോ എന്ന ചോദ്യത്തിന് സിപിഐഎമ്മിനുള്ളിൽ ആർക്കും ആരെയും ഭയമില്ല, വിമർശിക്കാൻ ഭയക്കേണ്ട കാര്യമില്ല എന്നായിരുന്നു മറുപടി. ഇഎംഎസിനെയും വിഎസ് അച്യുതാനന്ദനെയും വരെ പാർട്ടിയിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും അതുണ്ട്, വിമർശിക്കേണ്ട കാര്യങ്ങളിൽ ശക്തമായ വിമർശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.