'വയനാടിനും റായ്ബറേലിക്കും സന്തോഷമുള്ള തീരുമാനമാകും'; ഏത് മണ്ഡലമെന്നതിൽ സസ്പെൻസ് നിലനിർത്തി രാഹുൽ

എവിടെ നിലനിർത്തണമെന്ന ചോദ്യം രാഹുൽ ഉന്നയിച്ചതോടെ ജനങ്ങൾ വയനാട് എന്ന് ആർത്തുവിളിച്ചു
'വയനാടിനും റായ്ബറേലിക്കും സന്തോഷമുള്ള തീരുമാനമാകും'; ഏത് മണ്ഡലമെന്നതിൽ സസ്പെൻസ് നിലനിർത്തി രാഹുൽ
Updated on

മലപ്പുറം: ഏത് മണ്ഡലം നിലനിർത്തണമെന്ന തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്ന് എം പി രാഹുൽ ​ഗാന്ധി. ഇരു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ​ഗാന്ധി ഏത് മണ്ഡലം നിലനി‍ർ‌ത്തുമെന്ന അവ്യക്തത തുടരുന്നതിനിടെയാണ് കൂടുതൽ സാധ്യതകൾക്ക് അവസരം നൽകി രാ​ഹുലിന്റെ പ്രതികരണം. പ്രിയങ്കാ ​ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തുന്നതിനിടെയാണ് സസ്പെൻസ് നിലനി‍ർത്തിയുള്ള പരാമ‍ർശം. താൻ വീണ്ടും വരും എന്നുകൂടി രാഹുൽ പ്രസം​ഗത്തിൽ പറഞ്ഞു. എടവണ്ണയിലെ ജനങ്ങളോട്, എവിടെ നിലനിർത്തണമെന്ന ചോദ്യം രാഹുൽ ഉന്നയിച്ചതോടെ ജനങ്ങൾ വയനാട് എന്ന് ആർത്തുവിളിച്ചു. ഇതോടെയാണ് തന്റെ തീരുമാനം വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്നതാകുമെന്ന് പറഞ്ഞത്. വയനാട്ടിലെ മുഴുവൻ ജനങ്ങൾക്കും രാഹുൽ നന്ദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കറ്റ് വിമ‍ർ‌ശിച്ചാണ് രാഹുൽ എടവണ്ണയിലെ സ്വീകരണച്ചടങ്ങിൽ പ്രസം​ഗിച്ചത്. വേദിയിൽ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് രാഹുൽ ആദ്യം മുതൽ അവസാനം വരെ പ്രസം​ഗിച്ചത്. ഓരോ സംസ്ഥാനത്തിന്റെയും അതിന്റേതായ ഭാഷകളും ചരിത്രങ്ങളുമുണ്ട്. ഈ രാജ്യത്തെ ഓരോ ചരിത്രത്തെയും സംരസംക്ഷിക്കുന്നത് ഭരണഘടനയാണെന്ന് ഭരണഘടന ഉയർ‌ത്തി രാഹുൽ പറഞ്ഞു.

ഈ രാജ്യത്ത് ഭരണഘടന ഇല്ലാതായാൽ ഒരാൾക്ക് കേരളത്തിൽ വന്ന് മലയാളം സംസാരിക്കേണ്ട എന്ന് പറയാൻ കഴിയും. ഈ തിരഞ്ഞെടുപ്പിൽ നടന്നത് ഭരണഘടനക്ക് വേണ്ടിയുള്ള പോരാട്ടമാണ്. മോദിക്കും അമിത് ഷാക്കും ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അവർക്ക് ഒപ്പം സിബിഐയും ഇഡിയും ഇൻകം ടാക്‌സും ഉണ്ടായിരുന്നതുകൊണ്ട് എന്തും ചെയ്യാമെന്ന് അവർ കരുതി. എന്നാൽ കേരളവും ഉത്തർപ്രദേശും അടക്കമുള്ള ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനയിൽ തൊട്ടുകളിക്കരുതെന്ന് പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുത്തു.

തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഭരണഘടനയെ ചുംബിക്കുന്നത് കണ്ടു. പ്രധാനമന്ത്രി സത്യത്തിൽ വാരാണസിയിൽ കഷ്ടിച്ചു രക്ഷപ്പെട്ടതാണ്. ബിജെപി അയോധ്യയിലും പരാജയപ്പെട്ടു. അയോധ്യയിലെ ജനങ്ങൾ വെറുപ്പിനെ ഉൾക്കൊള്ളുന്നില്ല എന്ന സന്ദേശം നൽകി. പ്രധാനമന്ത്രിയുടെ സമീപനങ്ങൾ മാറണമെന്ന സന്ദേശമാണ് ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയത്. ‌പ്രതിപക്ഷം ശക്തമാണ്. ഇപ്പോൾ എന്റെ മുന്നിൽ വലിയ ഒരു ധർമ്മ സങ്കടമുണ്ട്. റായ്ബറേലിയോ വായനാടോ നിലനിർത്തണം എന്നതാണത്.

'ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവമല്ല. മോദിയെ ഭൂമിയിലേക്ക് വിട്ടത് പരമാത്മാവാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ എല്ലാ തീരുമാനവും എടുക്കുന്നത് പരമാത്മാവാണെന്നും മോദി പറയുന്നു. എന്നാൽ മോദിയുടെ പരമാത്മാവ് അംബാനിയും അദാനിയുമാണ്. രാവിലെ എഴുന്നേറ്റാൽ ഓരോ വിമാനത്താവളങ്ങളായി അദാനിക്ക് നൽകാൻ ആ പരമാത്മാവ് പറയുന്നു. ഏഴ് വിമാനത്താവളങ്ങൾ നൽകിക്കഴിഞ്ഞപ്പോൾ വൈദ്യുത നിലയങ്ങൾ നൽകാൻ പറഞ്ഞു'- രാഹുൽ പരിഹസിച്ചു.

മോദി പറയുന്നതുപോലെ ഒരു വിശേഷ സൌഭാഗ്യവും തനിക്കില്ല. അങ്ങനെ നിർദ്ദേശങ്ങൾ നൽകുന്ന പരമാത്മാവ് തനിക്കില്ല. കാരണം താൻ സാധാരണ മനുഷ്യനാണ്. തന്റെ പരമാത്മാവ് ദരിദ്രരായ ജനങ്ങളാണ്, വയനാട്ടിലെയും ഇന്ത്യയിലെയും ജനങ്ങളാണെന്നും രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വയനാട് മണ്ഡലം സന്ദർശിക്കാനെത്തിയതാണ് രാഹുൽ. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് എടവണ്ണ നൽകിയത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്.

തുട‍ർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവ‍ർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്. നേരത്തെ ലീഗിന്റെ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അരീക്കോട് സംഘർഷം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീ​ഗ് പതാക ഉയ‍ർത്തിയുള്ള സ്വീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com