പാലക്കാട് മെഡി. വിദ്യാർത്ഥികളുടെ സമരം; സർക്കാരുമായി നടത്തിയ ചർച്ച പരാജയം

അധ്യാപകരുടെ കാര്യത്തിൽ ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യം
പാലക്കാട് മെഡി. വിദ്യാർത്ഥികളുടെ സമരം; സർക്കാരുമായി നടത്തിയ ചർച്ച പരാജയം
Updated on

പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുമായി നിയുക്ത എംപി കെ രാധാകൃഷ്ണനും കളക്ടറും നടത്തിയ ചർച്ച പരാജയം. കോളജിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് മുന്നോട്ടു വെച്ച മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാ‍ർത്ഥികൾ വ്യക്തമാക്കി. അധ്യാപകരുടെ കാര്യത്തിൽ ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യം.

വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനിടയിൽ കഴിഞ്ഞദിവസം കോളേജ് ഡയറക്ടറെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. എസ്എഫ്ഐയുടെയും വിദ്യാർത്ഥി ഐക്യവേദിയുടെയും നേതൃത്തിലായിരുന്നു പ്രതിഷേധങ്ങൾ. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കോളേജ് ഡയറക്ടറും പ്രിൻസിപ്പാളും കെ രാധാകൃഷ്ണനെ നേരിൽ കണ്ടതിനെ തുടർന്നാണ് അദ്ദേഹവും ജില്ലാ കളക്ടറും വിദ്യാർത്ഥികളുമായി ചർച്ച നടത്തിയത്.

ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്ററും കാഷ്വൽറ്റിയും സജ്ജമാക്കാമെന്ന് ഇരുവരും വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. അധ്യാപകർക്കായി പി എസ് സി നിയമനം നടത്താനുള്ള നടപടികൾ വേഗത്തിലാക്കാമെന്നും അതുവരെ ആരോഗ്യവകുപ്പിൽ നിന്നും ആരോഗ്യവിദ്യാഭ്യാസവകുപ്പിൽ നിന്നും അധ്യാപകരെ ഡപ്യൂട്ടേഷനിൽ നിയമിക്കാവുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ അതുവരെ ഡോക്ടർമാരില്ലാതെ ഓപ്പറേഷൻ തിയറ്ററും കാഷ്വൽറ്റിയും എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ ചോദിച്ചു. കോളജിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് മുന്നോട്ടു വെച്ച മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. നിലവിൽ തീരുമാനിച്ചിട്ടുള്ള അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com