കണ്ണൂർ ആർഎസ്എസിൽ കലാപം; നൂറോളം പേർ പാർട്ടി വിടാനൊരുങ്ങുന്നു

പ്രാന്ത കാര്യവാഹകിന് 100 പേർ ഒപ്പിട്ട് പരാതി നൽകി
കണ്ണൂർ ആർഎസ്എസിൽ കലാപം; നൂറോളം പേർ പാർട്ടി വിടാനൊരുങ്ങുന്നു
Updated on

തലശ്ശേരി: കണ്ണൂർ ആർഎസ്എസിൽ പൊട്ടിത്തെറി. ഇരിട്ടി കീഴൂരിലെ സംഘം ഉടമസ്ഥതയിലുള്ള സ്ഥലം വിൽപ്പനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് ആരോപിച്ചാണ് ആഭ്യന്തര കലഹം. നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നൂറോളം പേർ പാർട്ടി വിടാൻ ഒരുങ്ങുകയാണ്. സംസ്ഥാന കാര്യവാഹകിന്റെ വീടിനു മുന്നിലും വിഭാഗ് കാര്യാലയത്തിന് മുന്നിലും നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആർഎസ്എസ് ഉടമസ്ഥതയിലുള്ള ഇരിട്ടി കിഴൂരിലെ 9.5 സെൻ്റ് സ്ഥലം വിൽപ്പന നടത്തി ജില്ലാ പ്രചാരക് പ്രമുഖും വിഭാഗ് പ്രചാരകും ചേർന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

20 ലക്ഷത്തിന് സ്ഥലം വിൽപ്പന നടത്തുകയും 5 ലക്ഷം രൂപ മാത്രം സംഘത്തിന് നൽകുകയും ചെയ്തു എന്നാണ് പരാതി. ഇത് സംബന്ധിച്ച് നൂറോളം ആർഎസ്എസ് പ്രവർത്തകർ ഒപ്പിട്ട് താലൂക്ക്, ജില്ല, സംസ്ഥാന കാര്യവാഹകുകൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു. നടപടി വൈകിയതോടെയാണ് ആർഎസ്എസിൽ ആഭ്യന്തര കലഹം രൂക്ഷമായത്. സംസ്ഥാന കാര്യവാഹകിൻ്റെ വീടിന് മുന്നിലും വിഭാഗ് കാര്യാലയത്തിന് സമീപത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തലശ്ശേരി ജില്ലാ കാര്യാലയത്തിന് സമീപത്തും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ വാർഷിക ബൈഠക്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ആർഎസ്എസ് വിടാനൊരുങ്ങുകയാണ് പ്രവർത്തകർ. നൂറിലധികം പ്രവർത്തകർ ഒരുമിച്ച് പാർട്ടി വിടുമെന്നാണ് സൂചന. ആഭ്യന്തര കലഹം സമവായത്തിലൂടെ പരിഹരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. സമവായമില്ല, നടപടി വേണം എന്ന ശക്തമായ നിലപാടിലാണ് വിമത വിഭാഗം. സമവായമായാലും നടപടിയായാലും സംഘടനയ്ക്ക് അകത്ത് പൊട്ടിത്തെറി ഉറപ്പാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com