പ്രിയങ്കക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോയെന്ന് ഇടതുപക്ഷത്തിന് തീരുമാനിക്കാം: എ പി അനില്‍കുമാര്‍

പ്രിയങ്കക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോയെന്ന് ഇടതുപക്ഷത്തിന് തീരുമാനിക്കാം: എ പി അനില്‍കുമാര്‍

പ്രിയങ്കാഗാന്ധിയെ വയനാട് മത്സരിപ്പിക്കുന്നതില്‍ സന്തോഷം.
Published on

മലപ്പുറം: വയനാടിനോടുള്ള രാഹുല്‍ ഗാന്ധിയുടെ വൈകാരിക അടുപ്പമാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് എ പി അനില്‍ കുമാര്‍ എംഎല്‍എ. വയനാട് ഗാന്ധി കുടുംബത്തിന്റെ തട്ടകം ആകുന്നതില്‍ സന്തോഷമുണ്ടെന്നും ഇതോടെ മണ്ഡലം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെന്നും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ പി അനില്‍കുമാര്‍ പറഞ്ഞു.

പ്രിയങ്കാഗാന്ധിയെ വയനാട് മത്സരിപ്പിക്കുന്നതില്‍ സന്തോഷം. പ്രിയങ്കയെന്ന വ്യക്തിക്കാണ് വോട്ട് ലഭിക്കുക. രാഷ്ട്രീയ സാഹചര്യം മാറിയ ഘട്ടത്തില്‍, ഭൂരിപക്ഷം ഇനിയും വര്‍ധിക്കും. രാഹുലും പ്രിയങ്കയും രാജ്യത്തുടനീളം ബിജെപിക്കെതിരെ പോരാടുകയാണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു.

ഇന്‍ഡ്യ സഖ്യത്തിലെ തന്നെ ഒരു കക്ഷിക്കെതിരെ മത്സരിക്കുന്നത് കേരളത്തിലെ മാത്രം സാഹചര്യമല്ല. ആംആദ്മി പാര്‍ട്ടിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മത്സരിച്ചു. കേരളത്തിലെ മത്സരത്തെ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടതില്ല. പ്രിയങ്കയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷമാണ്. എല്ലാവരുടെയും പിന്തുണയോടെ പ്രിയങ്ക വിജയിക്കണമെന്നാണ് ആഗ്രഹം. ആ ഔന്നിത്യം ഇടതുപക്ഷം കാണിച്ചാല്‍ സന്തോഷമെന്നും അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

പ്രിയങ്കാ ഗാന്ധിയെ പോലെ ഒരു വനിത പാര്‍ലമെന്റില്‍ എത്തുന്നത് വനിതാ മുന്നേറ്റമാണ്. പ്രിയങ്ക എഫക്ട് ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയും ഉണ്ടാകും. നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ച പ്രിയങ്കയെ മത്സരിപ്പിക്കുന്നതെന്നും അനില്‍കുമാര്‍ വിശദീകരിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുന്നതോടെ വയനാടിനെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മത്സരത്തിലൂടെ എല്‍ഡിഎഫ് യുഡിഎഫ് മറുപടി നല്‍കുമെന്നും ആരാണ് പ്രിയങ്കയ്‌ക്കെതിരെ ജനവിധി തേടുകയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

logo
Reporter Live
www.reporterlive.com