ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ, ആണ്‍സുഹൃത്ത് അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി

പെൺകുട്ടിയുടെ കുടുംബം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെടുമങ്ങാട് സ്വദേശി ബിനോയി (21) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ, ആണ്‍സുഹൃത്ത് അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി
Updated on

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെടുമങ്ങാട് സ്വദേശി ബിനോയി (21) ആണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യഥാർത്ഥ കാരണം പുറത്തുവരണം. അമ്മ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മുൻ ആൺസുഹൃത്താണ് ഉത്തരവാദി എന്ന് സംശയിക്കുന്നു. രണ്ടുമാസമായി ഈ സുഹൃത്ത് വീട്ടിൽ വരുന്നില്ല. മുമ്പ് സ്ഥിരമായി വരുമായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയുടെ ആത്മഹത്യയില്‍ മുന്‍ ആണ്‍സുഹൃത്തിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍ ടീം രൂപീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പുനഃപരിശോധിക്കുകയാണ്. കുട്ടിക്ക് 18 വയസ് തികയും മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ആരോപിച്ചത്. ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്. വ്യക്തിപരമായ ആക്രമണങ്ങളായിരുന്നു മിക്കവയും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com