ജെഡിഎസ് പുതിയ പാർട്ടിയാകും; പേര് രജിസ്റ്റർ ചെയ്യാൻ തീരുമാനം

നിലവിലെ ജനപ്രതിനിധികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയായിരിക്കും പുതിയ പാർട്ടി രൂപീകരിക്കുക
ജെഡിഎസ് പുതിയ പാർട്ടിയാകും; പേര് രജിസ്റ്റർ ചെയ്യാൻ തീരുമാനം
Updated on

തിരുവനന്തപുരം: പുതിയ പാർട്ടിയായി പേര് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച് ജെഡിഎസ് കേരളാ ഘടകം. ദേശീയ നേതൃത്വം എൻഡിഎയുമായി സഖ്യം ചേർന്നതോടെയാണ് പുതിയ പാർ‌ട്ടി രൂപീകരിക്കാൻ കേരളഘടകം തീരുമാനിച്ചത്. നിലവിൽ ജനതാദൾ എസ് എന്ന പേര് ഉപേക്ഷിക്കും. പുതിയ പാർട്ടി പ്രഖ്യാപനം പിന്നീടുണ്ടാകും. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ പുതിയ പാർട്ടി അതിലേക്ക് ലയിക്കുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പറഞ്ഞു.

നിലവിലെ ജനപ്രതിനിധികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയായിരിക്കും പുതിയ പാർട്ടി രൂപീകരിക്കുക. എൽഡിഎഫുമായി ഒരുമിച്ച് പോകാനാണ് ജെഡിഎസ് തീരുമാനമെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. എൻഡിഎയുമായി ചേരാനുള്ള ദേശീയ തലത്തിലെ തീരുമാനം കേരളഘടകം എതിർത്തിരുന്നു. സംഘടനാപരമായി ആശയ വിനിമയം കർണാടക ഘടകവുമായില്ല. ഒരു രൂപത്തിലും ബിജെപിയുമായി ഒരുമിച്ച് പോകാനില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.

ജെഡിഎസ്സിന്റെ കേരള ഘടകമായി എൽഡിഎഫിൽ തുടരാൻ ആകില്ലെന്ന് സിപിഐഎം അറിയിച്ചിരുന്നു. ജെഡിഎസ്സിന് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ദേശീയ പാര്‍ട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാര്‍ട്ടി. കര്‍ണ്ണാടകയിലെ പ്രജ്ജ്വൽ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാ‍ർട്ടി രൂപീകരണത്തെ കുറിച്ച് ജെഡിഎസ് സംസ്ഥാന ഘടകം ആലോചിച്ച് തുടങ്ങിയിരുന്നു. ഈ വിവാദം പാര്‍ട്ടിക്കേല്‍പ്പിച്ച കളങ്കം വലുതാണെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി സംസ്ഥാനത്തെ ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്കും ശ്രമം നടക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com