പ്രിയങ്കയേക്കാൾ നല്ല മറ്റൊരു സ്ഥാനാർത്ഥിയില്ല, എതിർക്കുന്നത് അസൂയകൊണ്ട്: പി ജെ കുര്യൻ

'രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ് നെഹ്റു കുടുംബത്തിൽ ഉള്ളവർ'
പ്രിയങ്കയേക്കാൾ നല്ല മറ്റൊരു സ്ഥാനാർത്ഥിയില്ല, എതിർക്കുന്നത് അസൂയകൊണ്ട്: പി ജെ കുര്യൻ
Updated on

പത്തനംതിട്ട: വയനാട്ടിൽ പ്രിയങ്കാ ​ഗാന്ധിയെക്കാൾ നല്ല മറ്റൊരു സ്ഥാനാർത്ഥി ഇല്ലെന്ന് കോൺ​ഗ്രസ് നേതാവ് പി ജെ കുര്യൻ. വയനാട്ടിൽ സ്ഥാനാർത്ഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കും‌. പ്രിയങ്കാ ​ഗാന്ധി ദേശീയ നേതാവാണ്. മറ്റുള്ളവർ അസൂയകൊണ്ടാണ് എതിർത്ത് പറയുന്നത്. രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ് നെഹ്റു കുടുംബത്തിൽ ഉള്ളവരെന്നും പി ജെ കുര്യൻ പറഞ്ഞു.

പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കൾ രാഹുലിനെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയാണ് ഈ നടപടി.

വയനാടും റായ്ബറേലിയും മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണ് മത്സരിക്കാൻ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയെത്തുമെന്ന് തീരുമാനിച്ചത്. രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചുവെന്നായിരുന്നു ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രതികരണം. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് തീരുമാനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ദുഷ്‌കരമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും. താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും നിയുക്ത എംപി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രതികരിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചിരുന്നു.

പ്രിയങ്കയേക്കാൾ നല്ല മറ്റൊരു സ്ഥാനാർത്ഥിയില്ല, എതിർക്കുന്നത് അസൂയകൊണ്ട്: പി ജെ കുര്യൻ
'പ്രിയങ്ക രണ്ടാം ഇന്ദിര'; ഭൂരിപക്ഷം കുത്തനെ ഉയരുമെന്ന് കണക്കുകൂട്ടി കോണ്‍ഗ്രസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com