തിരുവനന്തപുരം: കണ്ണൂര് സ്ഫോടനത്തില് സര്ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കുടില് വ്യവസായം പോലെയാണ് പാര്ട്ടി ഗ്രാമങ്ങളില് ബോംബ് ഉണ്ടാക്കുന്നതെന്നും സ്റ്റീല്പാത്രം കണ്ടാല് തുറന്നുനോക്കരുതെന്ന നിര്ദേശം സര്ക്കാര് കണ്ണൂരിലെ ജനങ്ങള്ക്ക് കൊടുക്കണമെന്നും വി ഡി സതീശന് പരിസഹിച്ചു. സംഭവത്തില് സണ്ണി എം ജോസഫ് എംഎല്എ നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില് പ്രതിപക്ഷം സഭയില് നിന്നും ഇറങ്ങി പോയി.
'കണ്ണൂരിലെ എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തില് ക്രൂരമായ രീതിയില് നിരപരാധി കൊല്ലപ്പെട്ടു. പാനൂരില് തുടര്ച്ചയായ ബോംബ് സ്ഫോടനം ഉണ്ടാവുന്നു. എന്തായാലും ബോംബ് ആര്എസ്എസുകാരെ എറിയാന് വെച്ചതല്ലെന്ന് അറിയാം. മസ്ക്കറ്റ് ഹോട്ടലില് വെച്ച് ആര്എസ്എസ് നേതാക്കളുമായി ചര്ച്ച ചെയ്ത് എല്ലാം ഒതുക്കി നിങ്ങള് സ്നേഹത്തിലായല്ലോ. ഞങ്ങള് പാവങ്ങളെ എറിയാനാണോ ബേംബ് വെച്ചത്', വി ഡി സതീശന് സഭയില് ചോദിച്ചു.
ബോംബ് നിര്മ്മാണത്തിന് വന്നവനെ സന്നദ്ധപ്രവര്ത്തനത്തിന് വന്നവര് എന്നാണ് സിപിഐഎം പാര്ട്ടി സെക്രട്ടറി വിശേഷിപ്പിച്ചത്. ബോംബ് നിര്മ്മാണം നടത്തുന്നവര് എങ്ങനെയാണ് രക്തസാക്ഷികളാവുന്നത്. തീവ്രവാദികളുടെ ഇടയില്പോലുമില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്. ഇത്തരം ക്രിമിനല് പ്രവര്ത്തനങ്ങള്ക്ക് സ്പോണ്സണ് ചെയ്യുന്നത് സ്പിഐഎം ആണെന്നും വി ഡി സതീശന് വിമര്ശിച്ചു.
പട്ടിയുണ്ട് സൂക്ഷിക്കുകയെന്ന് എഴുതിവെക്കുന്നത് പോലെ സ്റ്റീല് ബോംബ് ഉണ്ട് സൂക്ഷിക്കുകയെന്ന് എഴുതേണ്ടി വരും. സിപിഐഎം ബോംബ് നിര്മ്മാണം നിര്ത്തി പ്രത്യയശാസ്ത്ര പോരാട്ടത്തിലേക്ക് വരണം. മുഖ്യമന്ത്രി പറയുന്നത് കര്ശനമായ പരിശോധനയും റെയിഡും നടത്തും എന്നാണ്. എന്നാല് എവിടെയാണ് ഇതെല്ലാം സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെയാണ് കണ്ണൂരില് ബോംബ് നിര്മ്മാണം. ഇതിനെ മറികടക്കാന് ഇരുവരും ഒന്നും ചെയ്യുന്നില്ലെന്നും വിമര്ശിച്ചാണ് പ്രതിപക്ഷം സഭവിട്ടത്.
അതിനിടെ ബാലുശ്ശേരി എംഎല്എ സച്ചിന് ദേവിനെയും വി ഡി സതീശന് പരിഹസിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ബഹളം വെച്ച സച്ചിന് ദേവിനോട് 'ട്രാന്സ്പോര്ട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്, ബോംബ് വെച്ച കാര്യമാണ്. ചൂടാകേണ്ട കാര്യമില്ല', എന്ന് വി ഡി സതീശന് പറഞ്ഞു.