മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹർജിയിൽ സിംഗിൾ ബെഞ്ച് ഇന്ന് വിശദമായ വാദം കേൾക്കും
മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Updated on

കൊച്ചി: മാസപ്പടി കേസിലെ ഇഡിയുടെ നടപടി ചോദ്യം ചെയ്തുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സിംഗിൾ ബെഞ്ച് ഇന്ന് വിശദമായ വാദം കേൾക്കും. ഇഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയും മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹർജിയിലാണ് വാദം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ സാഹചര്യത്തില്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശശിധരന്‍ കര്‍ത്തയുടെ ആവശ്യം.

ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിളയെ രാത്രി മുഴുവന്‍ തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണ് എന്ന് സിഎംആര്‍എല്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര വാദമുയര്‍ത്തി. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം ചോദ്യം ചെയ്യാനാണ് നിയമപരമായ അനുമതി. സൂര്യാസ്തമയത്തിനപ്പുറം സ്ത്രീയെ എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്നുമായിരുന്നു സിഎംആര്‍എലിന്റെ വാദം. വനിതാ ഓഫീസറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തതെന്നും ചോദ്യം ചെയ്തത് നിയമപരമെന്നുമായിരുന്നു ഇഡിയുടെ അഭിഭാഷകന്റെ മറുപടി.

സിഎംആര്‍എല്‍, എക്‌സാലജിക്ക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎൽഎയുടെ ഹര്‍ജിയിലായിരുന്നു കോടതി നോട്ടീസ് അയച്ചത്. അഴിമതി അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച ഹർജി കഴിഞ്ഞ മാസം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം റിവ്യൂ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കയ്യില്‍ ആവശ്യമായ തെളിവുള്ളത് കൊണ്ടാണ് കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണം തുടങ്ങിയാല്‍ എല്ലാ തെളിവുകളും കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്ന പുതിയ ആരോപണം മാത്യു കുഴല്‍നാടന്‍ നിയമസഭയിൽ ഉന്നയിച്ചിരുന്നു. രേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍, മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇടപെട്ടു പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്നും ഷംസീര്‍ അറിയിച്ചു. തന്റെ ആരോപണങ്ങള്‍ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും തെറ്റാണെങ്കില്‍ നിഷേധിക്കാമെന്നും മാത്യു കുഴല്‍നാടനും വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com