കേണിച്ചിറയില്‍ കടുവയെ പിടികൂടുമെന്ന് മന്ത്രിയുടെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

കടുവയെ മയക്കുവെടി വെക്കാനുള്ള നടപടികളാരംഭിക്കാന്‍ വനംവകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
കേണിച്ചിറയില്‍ കടുവയെ പിടികൂടുമെന്ന് മന്ത്രിയുടെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍
Updated on

കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടും. നടപടികളാരംഭിക്കാന്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ന് തന്നെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഇറങ്ങുമെന്ന് ഡിഎഫ്ഒ ഉറപ്പുനല്‍കിയതോടെ ബീനാച്ചി - പനമരം റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.

കേണിച്ചിറയില്‍ മൂന്ന് പശുക്കളെയാണ് ഒറ്റ രാത്രികൊണ്ട് കടുവ കൊലപ്പെടുത്തിയത്. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയും കിഴക്കേല്‍ സാബുവിന്റെ ഒരു പശുവിനേയുമാണ് കടുവ കൊന്നത്. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയ സാഹചര്യത്തില്‍ കടുവയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബീനാച്ചി-പനമരം റോഡ് ഉപരോധിച്ചു. പശുക്കളുടെ ജഡവുമായെത്തിയായിരുന്നു പ്രതിഷേധം. സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ജിത്ത് ജനപ്രതിനിധികളുമായും പ്രതിഷേധക്കാരുമായും ചര്‍ച്ച നടത്തി. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു 30000 രൂപ നാളെ കര്‍ഷകര്‍ക്ക് നല്‍കും. ഇന്ന് തന്നെ കടുവയെ മയക്കുവെടി വെക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

സമരം താത്ക്കാലികമായി അവസാനിപ്പിച്ചെങ്കിലും മയക്കുവെടി ഉത്തരവ് വൈകിപ്പിച്ചാല്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. തോല്‍പ്പെട്ടി 17 എന്ന് വനം വകുപ്പ് ഡാറ്റാ ബാങ്കില്‍ രേഖപ്പെടുത്തിയ കടുവ പ്രദേശത്ത് മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് ആക്രമിച്ച് കൊന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com