സർക്കാരിന് എന്തിനാണ് വാശി? പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ നിയമസഭാ മാർച്ച്‌ നടത്താൻ യൂത്ത് ലീഗ്

'വിദ്യാഭ്യാസമന്ത്രി ഭൂമിയിലേക്ക് ഇറങ്ങിയാൽ പ്ലസ് വണ്ണിന് സീറ്റ്‌ കിട്ടാത്തവരുടെ കരച്ചിൽ കേൾക്കാം'
സർക്കാരിന് എന്തിനാണ് വാശി? പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ നിയമസഭാ മാർച്ച്‌ നടത്താൻ യൂത്ത് ലീഗ്
Updated on

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നിയമസഭാ മാർച്ച്‌ നടത്താനൊരുങ്ങി യൂത്ത് ലീഗ്. വിവിധ പാർട്ടികൾ സമരം നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടായില്ല. വിദ്യാഭ്യാസമന്ത്രി ഭൂമിയിലേക്ക് ഇറങ്ങിയാൽ പ്ലസ് വണ്ണിന് സീറ്റ്‌ കിട്ടാത്തവരുടെ കരച്ചിൽ കേൾക്കാമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പറഞ്ഞു.

പണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് സർക്കാരിന്റെ അതേ മനോഭാവമാണ് സർക്കാരിനുള്ളത്. ആദ്യഘട്ടമായി നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും. ആയിരക്കണക്കിന് യൂത്ത് ലീഗ് പ്രവർത്തകർ നിയമസഭ മാർച്ചിൽ പങ്കെടുക്കും. എസ്എഫ്ഐ സമരം ചെയ്യേണ്ടത് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്കാണ് അല്ലാതെ കളക്ടറേറ്റിലേക്ക് അല്ലെന്നും ഫിറോസ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി കണക്കുകാട്ടി പെരുപ്പിക്കുന്നത് നിർത്തണം. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പെരുപ്പിച്ച കള്ളമാണ്. 70000 കുട്ടികൾ സീറ്റ്‌ ഇല്ലാതെ പുറത്ത് നിൽക്കുകയാണ്. സർക്കാർ എന്തിനാണ് കുട്ടികളെ പഠിപ്പിക്കില്ല എന്ന് പറഞ്ഞു വാശിപിടിക്കുന്നത്? ഭരണസമിതിയിൽ അംഗരക്ഷകർ ഉള്ളവർക്ക് എന്തും പറയാം എന്ന നിലയിലാണ് കാര്യങ്ങളെന്നും ഫിറോസ് ആരോപിച്ചു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എഇഒ ഓഫീസാണ് എംഎസ്എഫ് പ്രവർത്തകർ പൂട്ടിയിട്ടത്. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

സർക്കാരിന് എന്തിനാണ് വാശി? പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ നിയമസഭാ മാർച്ച്‌ നടത്താൻ യൂത്ത് ലീഗ്
പ്രതിഷേധങ്ങൾക്കിടെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com