കൊച്ചി മെട്രോ കാക്കനാട്ടേക്ക്; രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കെഎംആർഎൽ

ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന നിർദേശമാണ് കെ എം ആർ എൽ മുന്നോട്ടുവയ്ക്കുന്നത്
കൊച്ചി മെട്രോ കാക്കനാട്ടേക്ക്;  രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കെഎംആർഎൽ
Updated on

കൊച്ചി: മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെ നിർമാണ കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇവരുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് താമസിയാതെ കരാറൊപ്പിടും. 2026 മാർച്ചിനകം ഈ റൂട്ടിൽ ട്രെയിൻ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം ആർ എൽ മാനേജിങ് ഡയറക്ടർ കരാർ കൈമാറുന്നതിനിടെ വ്യക്തമാക്കിയിരുന്നു. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന നിർദേശമാണ് കെ എം ആർ എൽ മുന്നോട്ടുവയ്ക്കുന്നത്.

ടെസ്റ്റ് പൈലിങ് നടത്തുന്നതിനുള്ള സ്ഥലവും അതിന്റെ തീയതിയുമെല്ലാം അടുത്ത ദിവസം പ്രഖ്യാപിക്കും. കാസ്റ്റിങ് യാർഡിനായി കണ്ടെത്തിയത് എച്ച്എടിയുടെ സ്ഥലമാണ്. ഈ സ്ഥലം ഏറ്റെടുക്കും. 11.2 കിലോമീറ്റർ നീളമുള്ള രണ്ടാംഘട്ട റൂട്ടിൽ 11 സ്റ്റേഷനുകളാണ് വരുന്നത്. ഈ റൂട്ടിൽ കെ എം ആർ എല്ലിന്റെ നേതൃത്വത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

രണ്ടാംഘട്ടത്തിന് 1957 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വായ്പാ ഏജൻസിയായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽനിന്ന് 1018 കോടി രൂപയാണ് വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നത്. സിവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ തുക ഉപയോഗപ്പെടുത്തും. പദ്ധതിയിൽ കേന്ദ്രത്തിന്റെ വിഹിതം 339 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതം 556 കോടിയുമാണ് കണക്കാക്കിയിരിക്കുന്നത്. ശേഷിക്കുന്ന തുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തും.

കൊച്ചി മെട്രോ കാക്കനാട്ടേക്ക്;  രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കെഎംആർഎൽ
പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം; പ്രതിഷേധം ശക്തം

Related Stories

No stories found.
logo
Reporter Live
www.reporterlive.com