മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ചർച്ച ഇന്ന്; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ സംഘടനകൾ

വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ചർച്ച ഇന്ന്; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ സംഘടനകൾ
Updated on

തിരുവനന്തപുരം: മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നുച്ചക്ക് രണ്ട് മണിക്കാണ് ചർച്ച. പ്രതിഷേധം തണുപ്പിക്കാനും പ്രശ്നം പരിഹരിക്കാനും എന്ത് ഫോർമുലയാണ് മന്ത്രിയുടെ പക്കലുളളതെന്നത് ഏറെ പ്രധാനമാണ്. സീറ്റ് പ്രശ്നം പരിഹരിക്കാന്‍ ഹയർ സെക്കൻ്ററിയായി അപ്ഗ്രേഡ് ചെയ്തിട്ടില്ലാത്ത ഹൈസ്ക്കൂളുകൾ അപ്ഗ്രേഡ് ചെയ്യുമോ അതോ അധിക ബാച്ച് അനുവദിച്ച് പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുമോ എന്നതാണ് അറിയേണ്ടത്. താത്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനാണ് സാധ്യതകളേറെയും.

അതേസമയം, ഇന്ന് ചർച്ച നടക്കുമ്പോഴും സംസ്ഥാന വ്യാപകമായി കനത്ത പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. നിയമസഭയിലേക്ക് യൂത്ത് ലീഗും എം എസ് എഫും പ്രതിഷേധ മാർച്ച് നടത്തും. മലപ്പുറം ആർഡിഡി ഓഫീസിലേക്ക് തുടർച്ചയായ ആറാം ദിവസവും എംഎസ്എഫ് പ്രതിഷേധവുമായി എത്തും. മലപ്പുറം കളക്ട്രേറ്റിലേക്ക് ഫ്രറ്റേർണിറ്റി മൂവ്മെന്‍റും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

സീറ്റുക്ഷാമത്തിന് ശാശ്വത പരിഹാരം തേടി കെ എസ് യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കാനാണ് കെ എസ് യു തീരുമാനം.

മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നിയമസഭാ മാർച്ച്‌ നടത്താനൊരുങ്ങുകയാണ് യൂത്ത് ലീഗ്. വിവിധ പാർട്ടികൾ സമരം നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടായില്ല. വിദ്യാഭ്യാസമന്ത്രി ഭൂമിയിലേക്ക് ഇറങ്ങിയാൽ പ്ലസ് വണ്ണിന് സീറ്റ്‌ കിട്ടാത്തവരുടെ കരച്ചിൽ കേൾക്കാമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി കണക്കുകാട്ടി പെരുപ്പിക്കുന്നത് നിർത്തണം. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പെരുപ്പിച്ച കള്ളമാണ്. 70,000 കുട്ടികൾ സീറ്റ്‌ ഇല്ലാതെ പുറത്ത് നിൽക്കുകയാണ്. സർക്കാർ എന്തിനാണ് കുട്ടികളെ പഠിപ്പിക്കില്ല എന്ന് പറഞ്ഞു വാശിപിടിക്കുന്നത്? ഭരണസമിതിയിൽ അംഗരക്ഷകർ ഉള്ളവർക്ക് എന്തും പറയാം എന്ന നിലയിലാണ് കാര്യങ്ങളെന്നും ഫിറോസ് ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com