പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മന്ത്രി വി ശിവന്‍കുട്ടി തെറ്റിദ്ധാരണ പരത്തി; എംഎസ്എഫ്

'വിഷയത്തില്‍ മന്ത്രിയെ തിരുത്തിക്കാന്‍ എംഎസ്എഫിന് കഴിഞ്ഞു'
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മന്ത്രി വി ശിവന്‍കുട്ടി തെറ്റിദ്ധാരണ പരത്തി; എംഎസ്എഫ്
Updated on

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തെറ്റിദ്ധാരണ പരത്തിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു. ഇല്ലാത്ത സീറ്റുകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞതായി നവാസ് ആരോപിച്ചു. എന്നാല്‍, വിഷയത്തില്‍ മന്ത്രിയെ തിരുത്തിക്കാന്‍ എംഎസ്എഫിന് കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ കുറ്റസമ്മതത്തിനു സമരം വഴി ഒരുക്കി. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. സംഭവത്തില്‍ മന്ത്രി മാപ്പ് പറയണമെന്നും നവാസ് ആവശ്യപ്പെട്ടു.

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ദിവസം മലബാര്‍ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിവന്‍കുട്ടി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താത്കാലിക ബാച്ച് അനുവദിക്കാനും വിഷയത്തെ കുറിച്ച് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി കെഎസ്‌യു സമരം പുനരാരംഭിച്ചിരുന്നു.

മലപ്പുറം കളക്ട്രേറ്റിന് സമീപം കെഎസ്‌യു പ്രവര്‍ത്തകരാണ് സമരവുമായി രംഗത്തെത്തിയത്. നൂറു കണക്കിന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാലക്കാട്- കോഴിക്കോട് ദേശീയപാത കെഎസ്‌യു ഉപരോധിച്ചു. നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കടക്കം പരിക്കേറ്റിരുന്നു.

ഇതിനിടെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച 12 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവടക്കമുള്ള എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് അഞ്ച് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ചയായിരുന്നു എംഎസ്എഫ് പ്രവര്‍ത്തകരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com