കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യസമുച്ചയത്തില്‍ ചേരിതിരിഞ്ഞ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്; വീഡിയോ

കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്
കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യസമുച്ചയത്തില്‍ ചേരിതിരിഞ്ഞ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്; വീഡിയോ
Updated on

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തില്‍ ചേരി തിരിഞ്ഞ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. കൂട്ടംകൂടി നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രണ്ടു സംഘങ്ങള്‍ ഓടി കയറി തമ്മില്‍ തല്ലുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് നിന്നിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ഭയന്ന് ഓടി മാറുന്നതും വീഡിയോയില്‍ കാണാം.

പത്തു മിനിറ്റോളം സംഘര്‍ഷാവസ്ഥ നിലനിന്നു. കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു. പലപ്പോഴും യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ എത്തി സമീപ കടലിലേക്ക് കൂടെ ആക്രമണം വ്യാപിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. പറഞ്ഞുവിലക്കാന്‍ ശ്രമിച്ചാല്‍ അസഭ്യവര്‍ഷവുമായി തങ്ങളെ ആക്രമിക്കുന്ന സ്ഥിതിയാണെന്നും ഇവര്‍ പ്രതികരിച്ചു.

സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ഇടനാഴിയിലുള്‍പ്പടെയാണ് വിദ്യാര്‍ത്ഥികളും പുറത്തുള്ളവരും രാവിലെ മുതല്‍ തമ്പടിക്കുന്നതെന്നാണ് പരാതി. ഇവരില്‍ പലരുടെയും നേതൃത്വത്തില്‍ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സ്ഥലത്ത് പൊലിസ് പട്രോളിങും കെഎസ്ആര്ടിസി സുരക്ഷാ ജീവനക്കാരുടെ ആഭാവവും ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് യാത്രക്കാരും പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com