'എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമല്ല'; വി ഡി സതീശനെക്കുറിച്ച് കെ സി വേണുഗോപാല്‍

പരസ്പരം അഭിപ്രായവ്യത്യസം ഉണ്ടെന്നും അത്തരം അഭിപ്രായ വ്യത്യാസങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തെന്നും കെ സി വേണുഗോപാല്‍
'എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമല്ല'; വി ഡി സതീശനെക്കുറിച്ച് കെ സി വേണുഗോപാല്‍

ആലപ്പുഴ: വിഡി സതീശനുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്ന് എംപി കെ സി വേണുഗോപാല്‍. പരസ്പരം അഭിപ്രായവ്യത്യസം ഉണ്ടെന്നും അത്തരം അഭിപ്രായ വ്യത്യാസങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വിഡി സതീശനും ഞാനും സമകാലികരായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിവരാണ്. ഞങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. എംഎല്‍എമാരായിരുന്നപ്പോള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. എന്നുകരുതി എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായമുണ്ട്. എനിക്ക് എന്റെയും. അത് സ്വാഭാവികമല്ലേ, നല്ലതല്ലേ, കെ സി വേണുഗോപാല്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ പതിനാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ കൊണ്ടുവന്നതിനെക്കുറിച്ചും കെ സി വേണുഗോപാല്‍ സംസാരിച്ചു. രമേശ് ചെന്നിത്തലയെ കഴിവ് കേടുകൊണ്ട് പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയതല്ല. രമേശ് ചെന്നിത്തല ഏറ്റവും നല്ല പ്രതിപക്ഷ നേതാക്കന്‍മാരില്‍ ഒരാളായിരുന്നു. സര്‍ക്കാരിനെതിരെ പുറത്തുവന്ന ഒരുപാട് വിഷയങ്ങള്‍ ചെന്നിത്തല മുന്‍കൈ എടുത്ത് പുറത്തുകൊണ്ടുവന്നവയാണ്. അദ്ദേഹം നല്ല കെപിസിസി പ്രസിഡന്റായിരുന്നു. പാര്‍ട്ടിയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. യുഡിഎഫിന് രണ്ടാമത് ഭരണം നഷ്ടപ്പെട്ടപ്പോള്‍ അത് കേരളത്തില്‍ സാധാരണയായ ഒരു കാര്യമായിരുന്നില്ല. തുടര്‍ഭരണം ഞങ്ങള്‍ക്ക് ഞെട്ടലായിരുന്നു. അതുകൊണ്ട് ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. അത്രയേ ഉള്ളൂവെന്നും കെ സി പറഞ്ഞു.

ആലപ്പുഴയില്‍ മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിക്കും താന്‍ മത്സരിക്കണം എന്ന് ഉണ്ടായിരുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മത്സരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ശക്തരായ ഒരുപാട് നേതാക്കളുണ്ട്. എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ട്. എല്‍ഡിഎഫ് ഭരണം അവസാനിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. 'എന്റെ പാര്‍ട്ടി വിജയിക്കുക. എന്റെ പാര്‍ട്ടിയുടെ ഒരു മുഖ്യമന്ത്രിയുണ്ടാവുക എന്നത് മാത്രമാണ് ആഗ്രഹം. ഞാന്‍ മുഖ്യമന്ത്രിയാവുന്നതോ ആവാതിരിക്കുന്നതോ എന്റെ അജണ്ടയല്ല. മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കണം എന്നതാണ് ആഗ്രഹം. 'മെയ്ക്കാട്ട് പണി' എന്ന് നമ്മള്‍ നാടന്‍ ഭാഷയില്‍ പറയില്ലേ. പാര്‍ട്ടിയ്ക്ക് വേണ്ടി അത് ചെയ്യാന്‍ വരെ ഞാന്‍ തയ്യാറാണ്. എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും. അതില്‍ ഒരാളായി ജോലി ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം' കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്നത് കേരളത്തിലെ കോണ്‍ഗ്രസിന് ശക്തി പകരുമെന്നതില്‍ സംശയമില്ല. യുഡിഎഫിന് ശക്തി പകരും. പ്രയങ്ക വരുന്നത് വലിയ ആത്മവിശ്വാസമാണെന്നും അഭിമുഖത്തില്‍ കെ സി വേണുഗോപാല്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ പതിനാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ച അഭിമുഖത്തിലാണ് കെ സി വേണുഗോപാല്‍ മനസ്സ് തുറന്നത്. ലോക്‌സഭാ ഇലക്ഷന്‍ കാലത്ത് നിര്‍ഭയമായും വസ്തുനിഷ്ഠമായും ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും സത്യസന്ധമായ റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. എടുത്തുപറയാനുള്ളത് മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പ്രോഗ്രാം ആണെന്നും എപ്പോഴും കാണാന്‍ ശ്രമിക്കാറുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com