അക്കൗണ്ട് മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും ഉള്ളതുതന്നെ;കരുവന്നൂരിലെ ഇഡി നടപടി സമ്മതിച്ച് സിപിഐഎം

ഇഡി നടപടിയിൽ ഇതാദ്യമായാണ് സിപിഐഎം പ്രതികരിക്കുന്നത്
അക്കൗണ്ട് മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും ഉള്ളതുതന്നെ;കരുവന്നൂരിലെ ഇഡി നടപടി സമ്മതിച്ച് സിപിഐഎം

തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുവന്നൂരിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഐഎം വാർത്താ കുറിപ്പ്. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വർഷങ്ങൾ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഇഡി നടപടിയിൽ ഇതാദ്യമായാണ് സിപിഐഎം പ്രതികരിക്കുന്നത്. കാര്യങ്ങൾ അറിയില്ലെന്നായിരുന്നു നേരത്തെ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചിരുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണ്. ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച് സിപിഐഎം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ് ഇഡി.

ഇഡി നടപടിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും നാല് സെൻറ് സ്ഥലം അറ്റാച്ച് ചെയ്തതും അനാവശ്യ നടപടിയാണ്. ഇലക്ട്രിക് ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ട് സിപിഐഎമ്മിനെ വേട്ടയാടുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം എന്ത് അടിസ്ഥാനത്തിലാണ് അക്കൗണ്ട് കണ്ട് കെട്ടുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചു. പാൻ കാർഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ആദായനികുതി വകുപ്പും കളിച്ചത്. വലിയ നിയമയുദ്ധം നടത്തേണ്ടി വരും. സിപിഐഎമ്മിൻ്റെ ആയിരക്കണക്കിന് ബ്രാഞ്ചിനും ഏരിയയ്ക്കും സ്വന്തം ഭൂമിയും കെട്ടിടവുമുണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയലും സിപിഐഎം ജില്ലാകമ്മിറ്റി സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രർ ചെയ്യുക.

ആറു പ്രധാന അക്കൗണ്ടുകൾ പാർട്ടിക്ക് ഇല്ല. അങ്ങിനെയാണ് ഇഡി പറയുന്നത്. തെറ്റായ നിലപാടിനെ സിപിഐഎം അംഗീകരിക്കില്ല. കരുവന്നൂർ പാർട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സിപിഐഎമ്മിനെ വേട്ടയാടാനാണ് ശ്രമം. ഒന്നും കണ്ടുകെട്ടാൻ ആകില്ലെന്നും ബ്രാഞ്ച് ലോക്കൽ കമ്മറ്റി കെട്ടിടം ജനങ്ങളുടെ ഫണ്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ വരെ കാരണമായി വിലയിരുത്തപ്പെടുന്ന കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സിപിഐഎമ്മിന് ഒഴിയാബാധയായി മാറിയിരിക്കുന്നതിനിടയിലാണ് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രതികരണം. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടേതടക്കം എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 73 ലക്ഷം രൂപയുടെ സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്.

തട്ടിപ്പിൽ നേരത്തെ നേതാക്കളും ജീവനക്കാരുമാണ് പിടിയിലായതെങ്കിൽ ഇപ്പോൾ പാർട്ടി തന്നെ പ്രതിസ്ഥാനത്തേക്ക് വന്നിരിക്കുന്നു. ഇത് സിപിഐഎമ്മിന് ഉണ്ടാക്കിയിരിക്കുന്ന പ്രതിരോധം ചെറുതല്ല. സ്വത്ത് കണ്ടുകെട്ടിയ വിഷയത്തിൽ പാർട്ടി വിഷമ സന്ധിയിലാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് നേതാക്കളിൽ നിന്നുണ്ടാകുന്നത്. അക്കൗണ്ട് മരവിപ്പിച്ചതിനെപ്പറ്റിയും നിക്ഷേപം കണ്ടുകെട്ടിയതിനെ കുറിച്ചും ഒന്നുമറിയില്ലെന്നായിരുന്നു നേരത്തെ തൃശൂർ ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com