എൽഡിഎഫിനെ അകറ്റാന്‍ ബിജെപിയും സതീശനും ശ്രമിച്ചു, കോൺഗ്രസ് വോട്ടുകൾ ചോർന്നു: എം വി ഗോവിന്ദന്‍

യുഡിഎഫിൽ പോയ വോട്ട് തിരിച്ചുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു
എൽഡിഎഫിനെ അകറ്റാന്‍ ബിജെപിയും സതീശനും ശ്രമിച്ചു, കോൺഗ്രസ് വോട്ടുകൾ ചോർന്നു: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫിനെ അകറ്റാനായിരുന്നു ബിജെപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശ്രമിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ടുകൂട്ടരുടെയും ശത്രു സിപിഐഎം ആണ്. കോൺഗ്രസ്-ബിജെപി ഐക്യധാര രൂപപ്പെട്ടു. കോൺഗ്രസ് വോട്ടുകൾ ചോർന്നു. 1.75 ശതമാനം വോട്ട് എൽഡിഎഫിന് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണം എല്ലായിടത്തും ഇന്‍ഡ്യ മുന്നണിയാണ്. മതനിരപേക്ഷ മനോഭാവമുള്ളവരും മുസ്ലീം വിഭാഗവും ബിജെപിയെ പരാചയപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുമല്ലോ എന്ന് ചിന്തിച്ചു. അവിടെയാണ് പരിമിതി ഉണ്ടായത്. യുഡിഎഫിന് നേട്ടം ഉണ്ടായത് ജമഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ ഉൾപ്പെടെ തീവ്രവാദ സംഘനാ വോട്ടുകൾ കിട്ടിയത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിൻ്റെ സാമ്പത്തിക പരാധീനതയും തിരിച്ചടിയായി. ബിജെപി വോട്ട് വളർച്ചയുണ്ടാക്കി. എല്ലാ ബൂത്തിലും വോട്ട് നഷ്ടപ്പെട്ടു. അത് ഗൗരവമുള്ള പ്രശ്നമാണ്. യുഡിഎഫിൽ പോയ വോട്ട് തിരിച്ചുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ ബിജെപി ജയിക്കാൻ കാരണം വ്യക്തമാണ്. ഒല്ലൂരിൽ ഉൾപ്പെടെ ക്രിസ്ത്യൻ വോട്ടുകൾ നഷ്ടമായി. കോൺഗ്രസ് പാരമ്പര്യ വോട്ടുകളാണ് ചോർന്നത്. 86000 വോട്ടുകൾ കോൺഗ്രസിന് ചോർന്നു. നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസിന് വോട്ട് കുറഞ്ഞു. ബിജെപിക്ക് കോൺഗ്രസ് വോട്ടുകൾ കിട്ടി. തൃശൂരിൽ തങ്ങളുടെ വോട്ടും ചോർന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു.

ക്രിസ്ത്യൻ വോട്ട് ഉൾപ്പെടെ ബിജെപിക്ക് യുഡിഎഫ് അനുകൂലമാക്കി.11 മണ്ഡലങ്ങളിൽ ബിജെപി ഭൂരിപക്ഷമുണ്ടായി.11ലും കോൺഗ്രസിന് ആയിരക്കണക്കിന് വോട്ട് കുറവുണ്ടായി. ചിത്രം മാറും. എൽഡിഎഫിന് ഒരു സീറ്റും ഇല്ലാത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. എന്തടിസ്ഥാനത്തിലാണ് അക്കൗണ്ട് കണ്ട് കെട്ടുകയെന്ന് ചോദിച്ച എംവി ഗോവിന്ദൻ പാൻ കാർഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ഇന്‍കം ടാക്സും കളിച്ചതെന്നും ആരോപിച്ചു.

വലിയ നിയമയുദ്ധം നടത്തേണ്ടി വരും. സിപിഐഎമ്മിൻ്റെ ആയിരക്കണക്കിന് ബ്രാഞ്ചിനും ഏരിയയ്ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും സിപിഐഎം ജില്ലാകമ്മിറ്റി സെക്രട്ടറിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. ആറ് പ്രധാന അക്കൗണ്ടുകൾ പാർട്ടിക്കില്ല. അങ്ങനെയാണ് ഇഡി പറയുന്നത്. തെറ്റായ നിലപാടിനെ ഞങ്ങൾ അംഗീകരിക്കില്ല. കരുവന്നൂരില്‍ പാർട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സിപിഐഎമ്മിനെ വേട്ടയാടാൻ ശ്രമം നടക്കുകയാണ്. ഒന്നും കണ്ടുകെട്ടാനാകില്ല. ബ്രാഞ്ച് ലോക്കൽ കമ്മറ്റി കെട്ടിടം ജനങ്ങളുടെ ഫണ്ടിലാണ്. തിരുത്തേണ്ടതെല്ലാം തിരുത്തും. പെൻഷൻ മുഴുവനും കൊടുക്കും. ജനങ്ങളിലേക്ക് തന്നെ ഇറങ്ങും. ഡിഎ കുടിശ്ശിക കൊടുക്കും. പാവപ്പെട്ടവർക്ക് നൽകേണ്ടത് കൊടുക്കാനാണ് ആദ്യ പരിഗണന. മുഴുവൻ ബാധ്യതയും തീർക്കും. തെറ്റായ ഒരു പ്രവണതയെയും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com