'ശിക്ഷ ആസ്വദിക്കാനുള്ള മാനസികാവസ്ഥ ഇല്ല'; നിയമപോരാട്ടം അവസാനിപ്പിക്കാനൊരുങ്ങി നമ്പി നാരായണൻ

പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത് ആസ്വദിക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു
'ശിക്ഷ ആസ്വദിക്കാനുള്ള മാനസികാവസ്ഥ ഇല്ല';  നിയമപോരാട്ടം അവസാനിപ്പിക്കാനൊരുങ്ങി നമ്പി നാരായണൻ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമ പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഇനി പോരാട്ടമില്ലെന്നും കുറ്റക്കാര്‍ ആരാണെന്ന് ജയിന്‍ കമ്മിറ്റി കണ്ടെത്തിക്കഴിഞ്ഞെന്നും നമ്പി നാരായണന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

മൂന്ന് പതിറ്റാണ്ട് കാലത്തെ ഒറ്റയാള്‍ പോരാട്ടമാണ് നമ്പി നാരായണന്‍ ഇതോടെ അവസാനിപ്പിക്കുന്നത്. കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പരമോന്നത നീതിപീഠം വരെ നമ്പി നാരായണന്‍ പോരാടി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണ്ണമായും സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്നും കള്ളക്കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തേണ്ടത് തന്റെ ജോലിയല്ലെന്നുമാണ് നമ്പി നാരായണന്റെ നിലപാട്.

പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത് ആസ്വദിക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. വേട്ടയാടലിന്റെ വേദനകള്‍ ഉള്ളിലൊതുക്കിയാണ് പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ നമ്പി നാരായണന്‍ സന്നദ്ധനായത്.

ദിവസങ്ങൾക്ക് മുൻപ് ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ് വന്നിരുന്നു. സിബിഐ നല്‍കിയ കുറ്റപത്രം അംഗീകരിച്ച ശേഷമാണ് കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ചത്. മുന്‍ ഐബി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്. എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. ജൂലൈ 26ന് കോടതിയില്‍ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദ്ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com