നീറ്റ്, നെറ്റ് ക്രമക്കേടിൽ ഡിവൈഎഫ്ഐ മാർച്ച്; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം; പലയിടത്തും സംഘർഷം

പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയും പൊലീസുമായി ഉന്തും തളളും ഉണ്ടാകുകയും ചെയ്തു
നീറ്റ്, നെറ്റ് ക്രമക്കേടിൽ ഡിവൈഎഫ്ഐ മാർച്ച്; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം; പലയിടത്തും സംഘർഷം

കൊച്ചി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ ഡിവെെഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാർച്ച് പലയിടത്തും സംഘർഷത്തില്‍ കലാശിച്ചു. കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് സംഘടിപ്പിച്ച മാർച്ചില്‍ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തില്‍ കലാശിച്ചത്. പൊലീസുമായി ഉന്തും തളളും ഉണ്ടായി.

മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. കൊച്ചിയിലെ റിസർവ് ബാങ്ക് ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറികടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആർബിഐയുടെ ഗേറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

തിരുവനന്തപുരത്തെ മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. നീറ്റ്/ നെറ്റ് പരീക്ഷയ്ക്ക് പിന്നില്‍ വമ്പിച്ച അഴിമതിയുണ്ടെന്നും എന്തിനാണ് ഇങ്ങനെയൊരു പരീക്ഷ സംവിധാനം കൊണ്ടുവന്നതെന്നും സനോജ് ചോദിച്ചു.

അതേസമയം, നീറ്റ് യുജി പേപ്പർ ചോർച്ച കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായി. പിടിലായ പ്രതികളിൽ നിന്ന് മുഖ്യ സൂത്രധാരൻമാരുടെ പേര് വിവരങ്ങൾ ലഭിച്ചു. പട്‌നയിലെ ബെയൂർ ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സഞ്ജീവ് മുഖിയ, സിക്കന്ദർ യാദവേന്ദു തുടങ്ങിയവരാണ് പരീക്ഷ പേപ്പർ ചോർച്ചയ്ക്ക് നേതൃത്വം നൽകിയത് എന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. അതേ സമയം പ്രതികളുടെ മൊഴികളിൽ ഒട്ടേറെ വൈരുദ്ധ്യമുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണങ്ങൾക്കും ശേഷമേ കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂ എന്നും സിബിഐ അറിയിച്ചു.

നീറ്റ്-യുജി പരീക്ഷയുടെ ഒരു ദിവസം മുമ്പ്, മെയ് നാലിന് പട്‌നയിലെ ലേൺ പ്ലേ സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ സഞ്ജീവ് മുഖിയ 25 ഓളം ഉദ്യോഗാർത്ഥികളെ താമസിപ്പിച്ചിരുന്നുവെന്നും ചോർന്ന ചോദ്യപേപ്പറും ഉത്തരക്കടലാസും ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഇതേ ഹോസ്റ്റലിൽ വെച്ചാണ് എന്നും സിബിഐ വൃത്തങ്ങൾ കണ്ടത്തിയിരുന്നു. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടതിന് സഞ്ജീവ് മുഖിയയുടെ മകൻ ശിവ് ഇതിനകം ജയിലിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com