'പകര്‍ച്ച വ്യാധി വ്യാപനം' സഭയില്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

പകര്‍ച്ച വ്യാധികളെ തടയുന്നതിലും പ്രതിരോധത്തിനുമായി ഓരോ വര്‍ഷവും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
'പകര്‍ച്ച വ്യാധി വ്യാപനം' സഭയില്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷത്തില്‍ ഏത് സമയത്തും പെയ്യാവുന്ന മഴ, ഉയര്‍ന്ന ജനസാന്ദ്രത, കാലാവസ്ഥ, വനമേഖലയുടെ സാന്നിധ്യം എന്നിവയാണ് കാരണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കാരണം മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിലാണ് മന്ത്രിയുടെ മറുപടി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

പകര്‍ച്ച വ്യാധികളെ തടയുന്നതിലും പ്രതിരോധത്തിനുമായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നടത്തിവരികയാണ്. ജാഗ്രതാ കലണ്ടര്‍ അനുസരിച്ച് പ്രാദേശികാടിസ്ഥാനത്തിലാണ് ഇത് നടത്തിവരുന്നത്. ഡിഎച്ച്എസ്സില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ആര്‍ടിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി വ്യാപനം തടയാനായെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

അതേസമയം മന്ത്രി ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്ന് ടി വി ഇബ്രാഹിം പറഞ്ഞു. പകര്‍ച്ചവ്യാധി വ്യാപനത്തില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ശുചീകരണ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചില്ല. ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണെന്നും ടി വി ഇബ്രാഹിം സഭയില്‍ വ്യക്തമാക്കി.

എന്നാല്‍ കൊവിഡിനൊപ്പം തന്നെ സിക്ക, മങ്കി പോക്‌സ് തുടങ്ങിയ പകര്‍ച്ച വ്യാധികളും സര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നത്. ഏത് കേസ് കേരളത്തില്‍ ഉണ്ടായാലും അത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആശുപത്രി കിടക്കകള്‍ ഇല്ലാത്തത് എല്ലാകാലത്തും നേരിടുന്ന പ്രശ്‌നമാണ്. എന്നാല്‍ സൗകര്യങ്ങള്‍ കേന്ദ്രീകരിച്ച് ചികിത്സ നടത്താറുണ്ട്. ഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്പിത്തം പടരുന്നത്തില്‍ സംസ്ഥാനത്ത് ഒരു പൊതു അവബോധം സൃഷ്ടിക്കുന്നതിന് സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com