തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു ഏറ്റുമുട്ടല്‍, എംഎൽഎക്കും പരിക്ക്; പുലര്‍ച്ചെ വരെ സംഘര്‍ഷം

പുലർച്ചെ രണ്ടുമണി വരെ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിസരം സംഘർഷ ഭരിതമായിരുന്നു.
തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു  ഏറ്റുമുട്ടല്‍, എംഎൽഎക്കും പരിക്ക്; പുലര്‍ച്ചെ വരെ സംഘര്‍ഷം

തിരുവനതപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും ഏറ്റുമുട്ടി എസ് എഫ് ഐ-കെ എസ് യു പ്രവർത്തകർ. സംഘർഷത്തിനിടെ എം വിൻസൻ്റ് എം എൽ എ യെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. ഏറ്റുമുട്ടലിൽ ഒരു കെഎസ്യു പ്രവർത്തകനും പൊലീസുകാരനും പരിക്കേറ്റു. കെ എസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് സംഘർഷം ഉടലെടുത്തത്.

ഇന്നലെ രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘർഷം തുടങ്ങിയത്. ക്യാംപസിലെ വിദ്യാർഥിയും കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സാൻജോസിനെ ഇടിമുറിയിൽ പൂട്ടിയിട്ട് എസ് എഫ് ഐ പ്രവർത്തകർ അതിക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദിച്ച എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ് എഫ് ഐ പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് പോർവിളിയിലേക്ക് നീങ്ങി.

ഇതിനിടെ എം എൽ എ മാരായ ചാണ്ടി ഉമ്മനും എം വിൻസന്റും പോലീസ് സ്റ്റേഷനിലെത്തി. കാറിൽ നിന്നിറങ്ങിയ എം വിൻസന്റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു നിർത്തി കൈയേറ്റം ചെയ്തു. ഇതോടെ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷം രൂക്ഷമായി. സംഘർഷത്തിനിടെ കെ എസ് യുവിന്റെ മാർ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സി പി ഒ സന്തോഷിനും പരിക്കേറ്റു. അതേസമയം, കാര്യവട്ടം ക്യാംപസിലെ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു. ബോധപൂർവ്വം കെ എസ് യു വും കോൺഗ്രസുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ ആരോപണം, പുലർച്ചെ രണ്ടുമണി വരെ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിസരം സംഘർഷ ഭരിതമായിരുന്നു. ഇരു കൂട്ടരുടേയും പരാതികളിൽ കേസെടുക്കാമെന്ന പൊലീസ് ഉറപ്പിന്മേലാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.

തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു  ഏറ്റുമുട്ടല്‍, എംഎൽഎക്കും പരിക്ക്; പുലര്‍ച്ചെ വരെ സംഘര്‍ഷം
പൂനെ പോർഷെ അപകടം; പതിനേഴുകാരൻ്റെ അച്ഛനും മുത്തച്ഛനും ജാമ്യം അനുവദിച്ച് കോടതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com