സ്വകാര്യ മാനേജ്മെന്റുകൾക്ക് വഴങ്ങി സർക്കാർ; ജനറൽ നേഴ്സിങ്ങ് ഫീസ് മൂന്നിരട്ടി കൂട്ടാൻ നീക്കം

നിലവിൽ 22000 വാർഷിക ഫീസുള്ള ജനറൽ നേഴ്സിങ് കോഴ്സിന് വാർഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യം.
സ്വകാര്യ മാനേജ്മെന്റുകൾക്ക് വഴങ്ങി സർക്കാർ; ജനറൽ നേഴ്സിങ്ങ് ഫീസ് മൂന്നിരട്ടി കൂട്ടാൻ നീക്കം

കൊച്ചി: ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സർക്കാർ ഇക്കാര്യം പരിശോധിക്കാൻ നേഴ്സിങ് കൗൺസിലിൽ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്സിങ് കൗൺസിൽ യോഗത്തിൽ സബ് കമ്മിറ്റി മാനേജ്മെന്റുകൾക്ക് അനുകൂലമായ റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

നിലവിൽ 22000 വാർഷിക ഫീസുള്ള ജനറൽ നേഴ്സിങ് കോഴ്സിന് വാർഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ബി എസ് സി നേഴ്സിങ് ഫീസ് നിർണയിക്കുന്നത് റെഗുലേറ്ററി കമ്മീഷൻ ആണെങ്കിൽ ജനറൽ നേഴ്സിങ്ങിന്റെ ഫീസ് നിർണയിക്കുന്നത് സർക്കാരും നേഴ്സിങ്ങ് കൗൺസിലും ചേർന്നാണ്. ബി എസ് സി നേഴ്സിങ് ഫീസ് ഇത്തവണ വർദ്ധിപ്പിച്ചിട്ടില്ല. അപ്പോഴാണ് ജനറൽ നേഴ്സിങ് ഫീസ് വർദ്ധനയ്ക്കുള്ള നീക്കം.

നേഴ്സിങ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ എതിർത്തിറങ്ങിയ അംഗങ്ങളും ഉണ്ട്. ഇതോടെ സർക്കാർ അവർക്ക് അനുകൂലമായി നിലപാട് എടുക്കാൻ വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തി ഒരു സബ്കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത നേഴ്സിങ് കൗൺസിൽ യോഗത്തിൽ വച്ചേക്കും. മാനേജ്മെന്റുകളുടെ ആവശ്യമായ ഫീസ് വർധന എന്നുള്ള തരത്തിലേക്ക് സബ്കമ്മിറ്റി റിപ്പോർട്ട് ആയിട്ടുണ്ട് എന്നാണ് കൃത്യമായ സൂചന. വാർഷിക ഫീസ് ഉയർന്നാൽ ഒരു വിദ്യാർത്ഥിക്ക് മൂന്നു ലക്ഷത്തിലേറെ രൂപ കൊടുത്താകും പഠിച്ചിറങ്ങേണ്ടി വരിക. സ്വകാര്യമേഖലയിൽ ജിഎൻഎമ്മിന് മറ്റു കാര്യങ്ങളിൽ കൂടി ഫീസ് ഏർപ്പെടുത്തുമ്പോൾ വിദ്യാർഥികൾക്ക് പഠിച്ചിറങ്ങാൻ 5 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാകും.

ഇതിൽ തീരുന്നതല്ല സർക്കാരിന്റെ സ്വകാര്യ മാനേജ്മെന്റ്കളോടുള്ള സ്നേഹം. വ്യാപകമായി ജനറൽ നേഴ്സിങ് കോഴ്സ് തുടങ്ങാൻ നേഴ്സിങ് കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. കണ്ടീഷനൽ അഫിലിയേഷൻ എന്നുള്ളതാണ് ഇത്തവണ സർക്കാർ നേഴ്സിങ് കൗൺസിൽ നൽകിയ നിർദ്ദേശം. അതായത് വിദ്യാർത്ഥികളുടെ അഡ്മിഷൻ നടത്തിയ ശേഷം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ഒരു നഴ്സിംഗ് വിദ്യാർഥിക്ക് മൂന്നു രോഗികൾ വേണമെന്നാണ് നിയമം. എന്നാൽ 20 കിടക്കകളുള്ള ആശുപത്രികളിൽ 80 സീറ്റുകൾ വരെ നൽകിയിട്ടുണ്ട് നേഴ്സിങ് കൗൺസിൽ. ചുരുക്കത്തിൽ സ്വകാര്യ മാനേജുമെന്റുകൾക്ക് വേണ്ടി അടിസ്ഥാന സൗകര്യ പോലും ഇല്ലാത്ത ഇടങ്ങളിൽ പോലും നഴ്സിംഗ് പഠനത്തിന് അനുമതി നൽകിയ സർക്കാർ പാവപ്പെട്ട കുട്ടികളെ പഠനത്തിലും വഞ്ചിക്കുകയാണ്. ഫീസിനത്തിലെ വർദ്ധന കൂടിയാകുമ്പോൾ മാനേജ്മെന്റുകൾക്ക് ലാഭം ഉണ്ടാക്കാൻ സർക്കാർ സാധാരണക്കാരെ ചൂഷണം ചെയ്യുന്നു എന്നത് വ്യക്തമാവുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com