പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥമറിയില്ല; തിരുത്താൻ തയ്യാറാകണം: ബിനോയ് വിശ്വം

'എസ്എഫ്ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ചരിത്രം വായിക്കണം'
പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥമറിയില്ല; തിരുത്താൻ തയ്യാറാകണം: ബിനോയ് വിശ്വം
Updated on

തിരുവനന്തപുരം: എസ്എഫ്ഐ തിരുത്താൻ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥം അറിയില്ല. എസ് എഫ് ഐ ശൈലി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ രാഷ്ട്രീയത്തിന്റെ, ആശയത്തിൻ്റെ ആഴം അവര്‍ക്കറിയില്ല. അവരെ പഠിപ്പിക്കണം. പ്രതിപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ശൈലി അല്ല. പ്രാകൃതമായ സംസ്കാരമാണ്. എസ്എഫ്ഐക്ക് നിരക്കുന്നതല്ല. എസ്എഫ്ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ചരിത്രം വായിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിന്റെ ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം വിമർശിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ്എഫ്ഐ - കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ എം വിന്‍സന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനും പൊലീസുകാരനും പരിക്കേറ്റിരുന്നു. കാര്യവട്ടം ക്യാംപസിലാണ് സംഘര്‍ഷം തുടങ്ങിയത്. ക്യാംപസിലെ വിദ്യാര്‍ഥിയും കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാന്‍ജോസിനെ ഇടിമുറിയില്‍ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇവിടേയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് പോര്‍വിളിയിലേക്ക് നീങ്ങി.

സംഭവത്തിനു പിന്നാലെ എസ്എഫ്ഐക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ എസ്എഫ്‌ഐ തിരുത്തിയേ തീരൂവെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍ പ്രതികരിച്ചിരുന്നു. തിരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണ്. ഇടതു സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും സംഘടനയില്‍ ഉണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com