മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ വിധേയപ്പെട്ട് പോകരുത്; ബിനോയ് വിശ്വത്തിന് മറുപടിയുമായി എസ്എഫ്ഐ

'സർവ്വകലാശാലകൾ പിടിച്ചെടുക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നു'
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ വിധേയപ്പെട്ട് പോകരുത്; ബിനോയ് വിശ്വത്തിന് മറുപടിയുമായി എസ്എഫ്ഐ

തിരുവനന്തപുരം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ വിധേയപ്പെട്ട് പോകരുതെന്ന് ബിനോയ് വിശ്വത്തിന് പരോക്ഷ മുന്നറിയിപ്പുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. വസ്തുത മനസ്സിലാക്കണമെന്നും പിഎം ആർഷോ ആവശ്യപ്പെട്ടു. ചരിത്രം അറിയില്ല എന്നാണ് വിമർശനം. ഞങ്ങൾ ചരിത്രം പഠിക്കുന്നുമുണ്ട്, പ്രവർത്തകർക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു. എന്നാൽ വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുതെന്നും പിഎം ആർഷോ ആവശ്യപ്പെട്ടു.

എസ്എഫ്ഐ ബാധ്യതയാണ് എന്ന് അഭിപ്രായമുണ്ടെങ്കിൽ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുകളിൽ എഐഎസ്എഫ് ഒപ്പം മത്സരിക്കില്ല എന്ന് തീരുമാനിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പക്വത കാണിക്കണം. എസ്എഫ്ഐയെ ലക്ഷ്യമാക്കി നടക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള ആക്രമണമാണെന്നും എഐഎസ്എഫ് ആത്മ പരിശോധന നടത്തണമെന്നും പി എം ആർഷോ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതുപോലെ ആക്രമിക്കപ്പെട്ട സംഘടന എസ്എഫ്ഐ പോലെ മറ്റൊന്നില്ല. എസ്എഫ്ഐ പ്രവർത്തകർ ക്രിമിനലുകളാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും ആർഷോ കുറ്റപ്പെടുത്തി.

കേരള സർവകലാശാല സെനറ്റിലേക്കുള്ള ഗവർണറുടെ പുതിയ നോമിനേഷനെതിരെ എസ്എഫ്ഐ രംഗത്തെത്തി. സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുള്ള ലിസ്റ്റിൽ നിന്നാണ് ഗവർണർ അംഗങ്ങളെ നോമിനേറ്റ് ചെയ്തതെന്നാണ് എസ്എഫ്ഐ ആരോപണം. സർവ്വകലാശാലകൾ പിടിച്ചെടുക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്നും ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും പിഎം ആർഷോ കുറ്റപ്പെടുത്തി. സർവ്വകലാശാലകളെ തകർക്കാനാണ് നീക്കമെന്നും സർവകലാശാല ഭരണസമിതിയിലേക്ക് സംഘപരിവാറിനെ തിരുകി കയറ്റാൻ ശ്രമിക്കുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കേരള സർവ്വകലാശാല യോഗ്യരായ വിദ്യാർഥികളുടെ ലിസ്റ്റ് ഗവർണർക്ക് നൽകിയിരുന്നു. ഇത് മറികടന്നാണ് ഗവർണറുടെ നാമനിർദ്ദേശമെന്നും എസ്എഫ്ഐ ചൂണ്ടിക്കാണിച്ചു.

നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചത് തെറ്റായ ആരോപണമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ക്യാമ്പസുകളിൽ സംഘർഷം ഉണ്ടാക്കാൻ കെഎസ്‌യു ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ആശിർവാദത്തോടെയാണ് ഇത് നടക്കുന്നത്. ഇതിന്റെ തുടർച്ചയാണ് കാര്യവട്ടത്ത് നടന്നത്. കെഎസ്‌യു ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നു. അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കെഎസ്‌യു തയ്യാറാകണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആവശ്യപ്പെട്ടു.

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിഷയത്തിലും ആർഷോ പ്രതികരിച്ചു. തിരുത്തേണ്ട കാര്യങ്ങളുണ്ട് എന്നതിൽ തർക്കമില്ല. എസ്എഫ്ഐ നേതാവിന്റെ ചില പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അത് പരിശോധിക്കും. കോളേജിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം. പ്രിൻസിപ്പൽ എസ്എഫ്ഐ നേതാവിന്റെ ചെവി അടിച്ചുപൊളിച്ചുവെന്നും കേൾവി ശക്തി നഷ്ടപ്പെട്ടുവെന്നും ആർഷോ ആരോപിച്ചു. അടി കിട്ടിയാലും ആ നിലയിൽ പ്രതികരിക്കാൻ പാടില്ലായിരുന്നു. ഒരു പ്രിൻസിപ്പിൾ വിദ്യാർഥി നേതാവിന്റെ ചെവി അടിച്ചുപൊളിച്ചത് ഒരു പ്രശ്നമായി മാധ്യമങ്ങൾ കാണുന്നില്ല. മാധ്യമങ്ങൾ നിഷ്പക്ഷമായി ഇടപെടുന്നില്ല. കെഎസ്‌യു നേതാവ് പ്രിൻസിപ്പലിനെ തെറിവിളിക്കുന്നത് ആർക്കും വാർത്തയല്ലെന്നും പിഎം ആർഷോ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com