ധാർഷ്ട്യം വിനയായി, പരമ്പരാഗത വോട്ടുകൾ ബിജെപിയിലേയ്ക്ക് ചോർന്നു; സിപിഐഎമ്മിൻ്റെ അവലോകന റിപ്പോർട്ട്

ആറ്റിങ്ങലിലും ആലപ്പുഴയിലും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ബിജെപിയിലേക്ക് പോയി
ധാർഷ്ട്യം വിനയായി, പരമ്പരാഗത വോട്ടുകൾ ബിജെപിയിലേയ്ക്ക് ചോർന്നു; സിപിഐഎമ്മിൻ്റെ അവലോകന റിപ്പോർട്ട്

കൊച്ചി: മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. തെറ്റായ പ്രവണതകളും അഹന്തയും ഇല്ലാതാക്കാനുള്ള തിരുത്തൽ വേണമെന്നും ഇക്കാര്യത്തിൽ ആസൂത്രിതമായ പരിപാടികൾ വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇടത് പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്ക് പോയത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ആറ്റിങ്ങലിലും ആലപ്പുഴയിലും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ബിജെപിയിലേക്ക് പോയി. ആറ്റിങ്ങലിൽ 684 വോട്ടിനാണ് തോറ്റതെങ്കിലും ആലപ്പുഴയിൽ ബിജെപി ഇടത് വോട്ടിന് തൊട്ടടുത്ത് എത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഹിന്ദു വികാരവും ജാതി സ്വാധീനവും പല മണ്ഡലങ്ങളിലും ഒരു പരിധി വരെ ഇടത് വോട്ടടിത്തറയെ ബാധിച്ചു. ബിജെപി സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടി കാര്യമായ ശ്രദ്ധ കൊടുത്തില്ല. ഇത് മുൻഗണനയോടെ ഏറ്റെടുക്കേണ്ട വിഷയമാണത്. മുസ്ലിം പ്രീണനമെന്ന തെറ്റായ ആരോപണത്തിന് തിരിച്ചടി നൽകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജാതി മത സംഘടനകൾ തിരഞ്ഞെടുപ്പിൽ കാര്യമായ പങ്ക് വഹിച്ചു. എസ്എൻഡിപി യോഗം ഏറിയും കുറഞ്ഞും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. ക്രൈസ്തവ സഭകളിലെ ഒരു വിഭാഗവും ബിജെ പിക്ക് വേണ്ടി പ്രവർത്തിച്ചു. തൃശൂർ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ച പിന്തുണ ഇതിൻ്റെ പ്രകടനമാണ്. എസ്എൻഡിപി യോഗം നേതൃത്വത്തിൻ്റെ ദുരൂഹ പങ്ക് പുറത്തു കൊണ്ടു വരാൻ പാർട്ടി ഉചിതമായ നടപടി എടുക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിം ലീഗിന് ഒപ്പം ചേർന്ന് എൽഡിഎഫിന് എതിരെ പ്രവർത്തിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് കണക്ക് ആകെ തെറ്റിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വോട്ടെടുപ്പിന് മുൻപും പിൻപും ലഭിച്ച കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ജനവികാരം തിരിച്ചറിയുന്നതിൽ പാർട്ടി യൂണിറ്റുകൾക്ക് കഴിഞ്ഞില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുമായുള്ള ജൈവ ബന്ധത്തിലെ ദൗർബല്യങ്ങൾ തിരുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ മുൻഗണന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി സർക്കാർ പണം ചെലവഴിക്കുന്നതിൽ മുൻഗണന നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com