ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല; വീണ്ടും സുരേഷ് ഗോപിയെ പ്രശംസിച്ച് എം കെ വർഗീസ്

സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വർഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു
ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല; വീണ്ടും സുരേഷ് ഗോപിയെ പ്രശംസിച്ച് എം കെ  വർഗീസ്
Updated on

തൃശൂര്‍: ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തൃശൂര്‍ മേയർ എം കെ വർഗീസ്. ബിജെപിയുമായി സഹകരിക്കാൻ കഴിയില്ലെന്നും വിവാദങ്ങള്‍ക്കിടെ എം കെ വർഗീസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. വികസനം നടത്തുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ട്. വികസനം നടത്താൻ തയ്യാറായാൽ കൂടെ നിൽക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സുരേഷ് ഗോപിക്ക് വികസനത്തിൽ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട്. അദ്ദേഹത്തിന്‍റെ വികസന പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യും. സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വർഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും. വികസനരംഗത്ത് രാഷ്ട്രീയമില്ലാതെ മുന്നോട്ടു പോകണം. എല്ലാ കാര്യത്തിലും രാഷ്ട്രീയം കണ്ടാൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ കെൽപ്പുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാവുന്നത് ചിന്തിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ അങ്ങനെയൊരു തീരുമാനമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അങ്ങനെയൊരു ചിന്ത ഇല്ലെന്നും മേയർ പറഞ്ഞു.

എൽഡിഎഫിനൊപ്പമാണ്. ഒരിക്കലും ബിജെപിയുമായി സഹകരിച്ചുപോകാനാകില്ല. രണ്ടും രണ്ട് ആദർശമാണ്. സുരേഷ് ഗോപിയിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്, അത് വോട്ടായെന്നും മേയര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എം കെ വര്‍ഗീസ് സിപിഐഎം പിന്തുണയോടെയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ജനം വളരെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയെ കാണുന്നതെന്ന് മേയര്‍കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചിരുന്നു. സുരേഷ് ഗോപി തൃശൂര്‍ എംപിയാവാല്‍ ഫിറ്റായ ആളെന്നായിരുന്നു പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com