
തിരുവനന്തപുരം: പൊതുമരാമത്ത് ടൂറിസം വകുപ്പിലെ ജീവനക്കാരിക്ക് വിരമിച്ച ദിവസം തന്നെ താൽക്കാലിക ജോലി. ഇത് സംബന്ധിച്ച ഉത്തരവ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ മകനും വകുപ്പ് സെക്രട്ടറിയുമായ കെ ബിജു ഐഎഎസ്സിൻ്റെ മുൻ പേഴ്സണൽ അസിസ്റ്റൻ്റാണ് തൊട്ടടുത്ത ദിവസം തന്നെ താൽക്കാലിക ജീവനക്കാരിയായി അതേ കസേരയിൽ തിരിച്ചെത്തിയത്. ഇവർ വിരമിച്ച ഒഴിവിൽ പകരം വന്ന ജീവനക്കാരിക്ക് ഓഫീസിൽ ഇരിപ്പിടമില്ല. ഇ-ഓഫീസ് ഫയലോ എന്തിന് ഔദ്യോഗിക മെയിൽ പോലും തുറക്കാനാവാത്ത അവസ്ഥയിലാണ് പുതിയ പിഎ.
ഒന്നരവർഷത്തിലേറെയായി കെ ബിജു ഐഎഎസ് പൊതുമരാമത്ത്ടൂ-റിസം വകുപ്പ് സെക്രട്ടറിയാണ്. സെക്രട്ടറിയുടെ പേഴ്സണൽ അസിസ്റ്റൻ്റായ ജീവനക്കാരി മെയ് 31 ന് വിരമിച്ചു. എന്നാൽ വിരമിക്കൽ പേരിന് മാത്രമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മുൻ പേഴ്സണൽ അസിസ്റ്റൻറ് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ മൂന്നാം നിലയിലെ ഓഫീസിലെത്തി. തലേന്ന് ജോലിയിൽ നിന്ന് വിരമിച്ച ആൾ തൊട്ടടുത്ത ദിവസവും അതേ കസേരയിൽ ഇരിക്കുന്നത് കണ്ട് ജീവനക്കാർ പോലും ഞെട്ടി. പദവിയുടെ പേരിൽ മാത്രമാണ് ചെറിയൊരു മാറ്റം, പേഴ്സണൽ അസിസ്റ്റൻ്റിന് പകരം കമ്പ്യൂട്ടർ ഓപ്പറേറ്റർ.
എന്നാൽ വിരമിക്കുന്നതിന് മുമ്പ് എന്താണോ ചെയ്തത് അതേ ജോലി തന്നെയാണ് ഇവർ ഇപ്പോഴും ചെയ്യുന്നത്. വൈകാതെ ഉത്തരവുമായി യഥാർത്ഥ പേഴ്സണൽ അസിസ്റ്റൻ്റ് എൻ എ ബിന്ദു എത്തി. പക്ഷെ ഇവർക്ക് ഇരിപ്പിടം ലഭിച്ചില്ല. ബിന്ദുവിന് ഇ ഓഫീസ് ഫയലും ഔദ്യോഗിക മെയിലും തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബിന്ദുവിനെ മാറ്റാൻ വകുപ്പ് സെക്രട്ടറി നീക്കം നടത്തി. അതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെങ്കിലും ഇരിപ്പിടം ഇപ്പോഴും ഓഫീസിൻ്റെ മറ്റൊരു ഭാഗത്താണ്.
തീർന്നില്ല, ഈ ഓഫീസ് ഫയലും മെയിലും ഇല്ലാത്തതിനാൽ പേഴ്സണൽ അസിസ്റ്റൻ്റ് ചെയ്യേണ്ട ഒരു ജോലിയും ഇവർക്ക് ചെയ്യാനുമാകുന്നില്ല. വിഷയം കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റിൻ്റെയും പേഴ്സണൽ അസിസ്റ്റൻ്റിൻ്റെയും സംഘടന ഏറ്റെടുത്തു. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിന് പരാതി നൽകി. ജൂലായ് രണ്ടിന് നൽകിയ പരാതി ജ്യോതിലാൽ പൂഴ്ത്തി. യഥാർത്ഥ പേഴ്സണൽ അസിസ്റ്റൻ്റ് ഒന്നും ചെയ്യാനാകാതെ മാറിയിരിക്കുമ്പോൾ വിരമിച്ച് പോയി തിരിച്ചുവന്ന മുൻ പേഴ്സണൽ അസിസ്റ്റൻ്റിന് എല്ലാ പിന്തുണയും കൊടുക്കുകയാണ് വകുപ്പ് സെക്രട്ടറിയും കെ ബിജു ഐഎഎസ്സും.