Kerala Governor
Kerala Governor

ചാൻസലർക്കെതിരെ കേസിനായി വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട പണം തിരിച്ചടയ്ക്കണം: ഗവർണർ

'വിസിമാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്നും ഗവർണർ വ്യക്തമാക്കി'
Published on

തിരുവനന്തപുരം: ചാൻസലർക്കെതിരെ കേസ് നടത്താൻ വെെസ് ചാന്‍സലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടക്കാന്‍ നിർദേശം. വിസിമാർ കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ചാന്‍സലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിർദേശിച്ചു. കേസ് നടത്താനായി ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് വിസിമാർ ചെലവാക്കിയിരിക്കുന്നത്.

ഇത്രയും തുക ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുർവിനിയോഗമാണെന്നും തുക വിസിമാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യണമെന്നുമാണ് ഗവർണറുടെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് വിസിമാർക്ക് നോട്ടീസ് നല്‍കി. വൈസ് ചാന്‍സലര്‍മാരെ അസാധുവാക്കിയ ചാന്‍സലര്‍മാരുടെ നടപടിക്കെതിരെ സര്‍വ്വകലാശാല ഫണ്ട് ഉപയോഗിച്ചായിരുന്നു വിസിമാര്‍ കോടതിയെ സമീപിച്ചത്. ഈ തുക ഉള്‍പ്പെടെയുള്ള തുകയാണ് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരുന്നത്

ഏറ്റവും കൂടുതൽ തുക തിരിച്ചടക്കേണ്ടി വരിക കണ്ണൂർ വിസിയാണ്. 69,25,340 രൂപയാണ് കണ്ണൂർ വിസി തിരിച്ചടക്കേണ്ടത്. കുഫോസ് വിസി 35,71,311 രൂപയും, കെടിയു വിസി 10,47,515 രൂപയും തിരിച്ചടക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള കോടതി വ്യവഹാരത്തില്‍ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകള്‍ ഉദ്യോഗസ്ഥര്‍ വഹിക്കേണ്ടതെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടി.

ഗവർണറുടെ നീക്കത്തെ വിദ്യാർത്ഥി സംഘടനയായ കെഎസ് യു സ്വാഗതം ചെയ്തു. വിദ്യാർഥികളുടെ ഫണ്ട് ദുരുപയോഗം ചെയ്ത വിവിധ സർവകലാശാല വിസിമാർക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്നും വിസിമാർക്ക് പിന്തുണ നൽകിയ സർക്കാരും കൊള്ളയ്ക്ക് കൂട്ടു നിൽക്കുകയായിരുന്നുവെന്നും കെഎസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു.

logo
Reporter Live
www.reporterlive.com