വിഴിഞ്ഞത്ത് മദർഷിപ്പിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം!; എന്താണ് വാട്ടർ സല്യൂട്ട്?

തുറമുഖത്ത് നങ്കൂരമിടാനായി കരയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കെയായിരുന്നു മദർഷിപ്പിന് ടഗ്ഗുകളുടെ നേതൃത്വത്തിൽ വാട്ടർസല്യൂട്ട് നൽകിയത്
വിഴിഞ്ഞത്ത് മദർഷിപ്പിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം!;  എന്താണ് വാട്ടർ സല്യൂട്ട്?
Updated on

വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. കപ്പൽ തുറമുഖത്ത് നങ്കൂരമിടാനായി കരയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കെയായിരുന്നു ടഗ്ഗുകളുടെ നേതൃത്വത്തിൽ വാട്ടർസല്യൂട്ട് നൽകിയത്. അടുത്തിടെ രണ്ടാമത്തെ തവണയാണ് വാട്ടർ സല്യൂട്ട് വാർത്തകളിൽ നിറയുന്നത്. ജൂലൈ നാലിന് ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിനെ മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് സ്വീകരിച്ചത് വാട്ടര്‍ സല്യൂട്ട് നൽകിയായിരുന്നു. വിസ്താര യുകെ 1845 എന്ന വിമാനത്തിലാണ് ഇന്ത്യന്‍ ടീം താരങ്ങള്‍ മുംബൈയിലെത്തിയത്. താരങ്ങൾ സഞ്ചരിച്ച വിമാനം എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് ഗ്രൗണ്ട് സ്റ്റാഫ് വാട്ടർ സല്യൂട്ട് നൽകി ആദരിച്ചത്.

എന്താണ് വാട്ടർ സല്യൂട്ട്?

1950കളിൽ അമേരിക്കയിലാണ് ആദ്യമായി വാട്ടർ സെല്യൂട്ട് നടന്നതായി കരുതപ്പെടുന്നത്. സൈനിക വിമാനങ്ങൾ, കപ്പലുകൾ എന്നിവയോടുള്ള ബഹുമാന സൂചകമായാണ് ഇത് ആദ്യം അവതരിപ്പിച്ചത്. 1990-കളിൽ ലോകമെമ്പാടുമുള്ള എയർപോർട്ടുകളും എയർലൈനുകളും ഈ പാരമ്പര്യം ഒരു ചടങ്ങായി സ്വീകരിച്ചു. ഒരു പുതിയ വിമാനം ആദ്യമായി വിമാനത്താവളത്തിലെത്തുമ്പോഴും അവസാനമായി ഒരു വിമാനം യാത്ര പുറപ്പെടുന്ന സാഹചര്യത്തിലും വാട്ടർ സല്യൂട്ട് നൽകാറുണ്ട്.

വ്യോമയാന മേഖലയിലെ ഒരു പാരമ്പരാ​ഗത ചടങ്ങാണ് വാട്ടർ സല്യൂട്ട്. വിമാനത്തിനും അതിലെ ജീവനക്കാർക്കും യാത്രക്കാർക്കും നൽകുന്ന ആദരവിനെ സൂചിപ്പിക്കുന്നതിനാണ് ഈ ചടങ്ങ് നടത്തുന്നത്. വ്യോമയാന മേഖലയിലെ തന്നെ ഒരു സുപ്രധാന ചടങ്ങായാണ് ഇത് കണക്കാക്കപ്പെടുന്നത്. ബഹുമാനത്തിൻ്റെയും അഭിമാനത്തിൻ്റെയും ആദരവിന്റേയും അടയാളമായി നടത്തുന്ന ഒരു ആചാരമായി കൂടിയാണ് വാട്ടർ സല്യൂട്ട് കണക്കാക്കപ്പെടുന്നത്. ഫയർ എഞ്ചിൻ ഉപയോ​ഗിച്ചാണ് വാട്ടർ സല്യൂട്ട് നടത്താറുള്ളത്.

വ്യോമയാന മേഖലയിലെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ആദരവ് അർപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായും വാട്ടർ സല്യൂട്ടിനെ കണക്കാക്കുന്നുണ്ട്.ഒരു മുതിർന്ന പൈലറ്റിൻ്റെയോ എയർ ട്രാഫിക് കൺട്രോളറുടെയോ വിരമിക്കൽ പോലുള്ള ചടങ്ങുകളിൽ, സേവനത്തിനിടെ കൊല്ലപ്പെട്ട സൈനികരോടുള്ള ബഹുമാനാർത്ഥം, മറ്റ് ശ്രദ്ധേയമായ സംഭവങ്ങളോടുള്ള ആദരവായും വാട്ടർ സല്യൂട്ട് ഉപയോ​ഗിക്കാറുണ്ട്.

എങ്ങനെയാണ് ഒരു വാട്ടർ സല്യൂട്ട് ചടങ്ങ് നടത്തുന്നത്?

വിമാനത്താവളത്തിൽ എത്തുന്ന വിമാനത്തിൻ്റെ എഞ്ചിനുകളുടെ ഇരുവശത്തുമായി രണ്ട് അഗ്നിശമന വാഹനങ്ങൾ കാത്തുനിൽക്കും. വിമാനം വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുമ്പോഴോ ടേക്ക്ഓഫിനായി മുന്നോട്ട് നീങ്ങുമ്പോഴോ ഈ ഫയർ ട്രക്കുകൾ വിമാനത്തിൻ്റെ എഞ്ചിനുകൾക്ക് നേരെ വെള്ളം ചീറ്റും. ഇത് കാഴ്ചയിൽ ആകർഷകമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. വാട്ടർ സല്യൂട്ട് ചടങ്ങ് വൈകാരികവുമായ നിമിഷമായാണ് കണക്കാക്കുന്നത്. ഇത് കാണാനെത്തുന്ന കാഴ്ചക്കാരും വിശിഷ്ട വ്യക്തികളും കരഘോഷത്തോടെയാണ് വാട്ടർ സല്യൂട്ടിനെ സ്വീകരിക്കുക.

വാട്ടർ സല്യൂട്ട് ചടങ്ങുകൾ പല തരത്തിൽ

വിഴിഞ്ഞത്ത് മദർഷിപ്പിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം!;  എന്താണ് വാട്ടർ സല്യൂട്ട്?
വിഴിഞ്ഞം തുറമുഖം; ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി
  • അറൈവൽ സല്യൂട്ട്: ഒരു വിമാനം വിമാനത്താവളത്തിൽ എത്തുമ്പോൾ നടത്തുന്ന ചടങ്ങിനെയാണ് അറൈവൽ സല്യൂട്ട് എന്ന് പറയുന്നത്.

  • ഡിപ്പാർച്ചർ സല്യൂട്ട്: ഒരു വിമാനത്താവളത്തിൽ നിന്ന് ഒരു വിമാനം പുറപ്പെടുമ്പോൾ നടത്തുന്ന ചടങ്ങാണ് ഡിപ്പാർച്ചർ സല്യൂട്ട്.

  • ഫൈനൽ ഡിപ്പാർച്ചർ സല്യൂട്ട്: ഒരു വിമാനം സർവീസിൽ നിന്ന് വിരമിക്കുമ്പോഴോ ഡീകമ്മീഷൻ ചെയ്യപ്പെടുമ്പോഴോ നടത്തുന്ന വാട്ടർ സല്യൂട്ടിനെയാണ് ഡിപ്പാർച്ചർ സല്യൂട്ട് എന്ന് പറയുന്നത്.

  • ഉദ്ഘാടന ഫ്ലൈറ്റ് സല്യൂട്ട്: ഒരു പുതിയ വിമാനത്തിൻ്റെ വരവ് അല്ലെങ്കിൽ ഒരു വിമാനത്തിൻ്റെ ആദ്യ പറക്കൽ ആഘോഷിക്കാൻ നടത്തുന്ന ചടങ്ങായും വാട്ടർ സല്യൂട്ട് നടത്താറുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com