വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞ്; ആദരം അര്‍പ്പിച്ച് നാളെ യുഡിഎഫ് പ്രകടനം

വിഴിഞ്ഞത്തെ ട്രയല്‍ റണ്‍ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിന് ക്ഷണമില്ല. എംപിയെയും പ്രതിപക്ഷ നേതാവിനെയും വിളിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞ്; ആദരം അര്‍പ്പിച്ച് നാളെ യുഡിഎഫ് പ്രകടനം
Updated on

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥമാകുന്നതില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ യുഡിഎഫ് പ്രകടനം. വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും നേതാക്കളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും കുഞ്ഞാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായി പ്രതിപക്ഷ നേതാവിനെയും തിരുവനന്തപുരം എംപി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

'കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായമാണ് വിഴിഞ്ഞം പദ്ധതി. ഉമ്മന്‍ചാണ്ടിയുടെ കാഴ്ച്ചപ്പാടാണ് വിഴിഞ്ഞം. വികസന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയമുണ്ട്. അന്ന് പദ്ധതി പ്രഖ്യാപിച്ചയുടന്‍ ദേശാഭിമാനിയുടെ തലക്കെട്ട് 5000കോടിയുടെ കടല്‍ക്കൊള്ള എന്നായിരുന്നു. സാമ്പത്തിക ആരോപണം ഉയര്‍ത്തി ഉമ്മന്‍ചാണ്ടിക്കെതിരെ അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭയന്നോടാന്‍ പോകുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി കേരളത്തിന്റെ വികസന നായകനാണ്. കൊച്ചിന്‍ മെട്രോ റെയില്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് ഇവയെല്ലാം ഉമ്മന്‍ചാണ്ടിയുടെ വികസന പദ്ധതികളാണ്. വിഴിഞ്ഞം ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞാണ്. അതില്‍ തര്‍ക്കമില്ല.' ഹസ്സന്‍ പറഞ്ഞു.

വിഴിഞ്ഞത്തെ ട്രയല്‍ റണ്‍ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിന് ക്ഷണമില്ല. എംപിയെയും പ്രതിപക്ഷ നേതാവിനെയും വിളിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായി രണ്ടുപേരെയും ക്ഷണിക്കേണ്ടതായിരുന്നു. മദര്‍ഷിപ്പ് വരുന്നതിന്റെ സന്തോഷവും ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ചുമാണ് യുഡിഎഫ് പ്രകടനം സംഘടിപ്പിക്കുന്നത് എന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

നാളെയാണ് കപ്പലിനുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ്. 7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞത്ത് ഒരുങ്ങുന്നത്. ചൈനയിലെ സിയമിന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ പുറം കടലിലെത്തിയത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകള്‍ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ തുറമുഖത്ത് എത്തുന്നത്. ഇതില്‍ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെ വൈകിട്ട് കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com