ബിആര്‍എസ് വോട്ട് ബാങ്കില്‍ കടന്നുകയറുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു; സമിതിയോട് നേതാക്കള്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് എങ്ങനെ എട്ട് സീറ്റുകള്‍ ഇത്തവണ നേടി എന്നത് പഠിക്കലാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ബിആര്‍എസ് വോട്ട് ബാങ്കില്‍ കടന്നുകയറുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു;  സമിതിയോട് നേതാക്കള്‍
Updated on

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്‍ ബിആര്‍എസ് നേതാക്കളെ മത്സരിപ്പിച്ചിട്ട് പോലും ബിആര്‍എസ് വോട്ട് ബാങ്കിലേക്ക് കടന്നുകയറുന്നതില്‍ പരാജയപ്പെട്ടതാണ് കോണ്‍ഗ്രസ് പ്രകടനം മോശമാവാന്‍ കാരണമെന്ന് നേതാക്കള്‍. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പി ജെ കുര്യന്‍ സമിതിയോടാണ് നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്. പി ജെ കുര്യനെ കൂടാതെ റാക്കിബുള്‍ ഹുസൈന്‍, പര്‍ഗത് സിങ് എന്നിവരാണ് സമിതി അംഗങ്ങള്‍.

ബിആര്‍എസ് വോട്ടുകള്‍ ബിജെപിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് എട്ട് ലോക്‌സഭ സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത്. കുറെ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി ലഭിച്ചെന്നും നേതാക്കള്‍ സമിതിയോട് പറഞ്ഞു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച, ഗദ്ദം വംശി കൃഷ്ണ ഒഴികെയുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും സമിതിയെ കണ്ടു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ നിസഹകരണത്തെ കുറിച്ച് ചില സ്ഥാനാര്‍ത്ഥികള്‍ പരാതിപ്പെട്ടു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് എങ്ങനെ എട്ട് സീറ്റുകള്‍ ഇത്തവണ നേടി എന്നത് പഠിക്കലാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാനത്തെ ആകെ 17ല്‍ കുറഞ്ഞത് 12 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എട്ട് സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞുള്ളൂ. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രതിനീധികരിച്ചിരുന്ന മാര്‍ക്കജ്ഗിരി സീറ്റില്‍ ഇക്കുറി ബിജെപി വിജയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചിരുന്ന ചെവല്ല, നിസാമാബാദ്, ആദിലാബാദ്, മെഹ്ബൂബ് നഗര്‍ മണ്ഡലങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായും സംസാരിക്കുമെന്നും അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്യുമെന്ന് പി ജെ കുര്യന്‍ പറഞ്ഞു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെയും സമിതി അംഗങ്ങള്‍ നേരത്തെ കണ്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com