പി‌എസ്‍സി കോഴ: പ്രമോദിനെ പ്രകോപിപ്പിക്കേണ്ടെന്ന് സിപിഐഎം; പ്രതികരിക്കേണ്ടതില്ലെന്ന് നിലപാട്

പ്രമോദ് എന്ത് പ്രകോപനം ഉണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്ന് പാർട്ടി നിലപാടെടുത്തെന്നാണ് ലഭിക്കുന്ന വിവരം
Pramod Kottoolly
Pramod Kottoolly
Updated on

കോഴിക്കോട്: പി‌എസ്‍സി കോഴ ആരോപണത്തിൽ പാ‍ർട്ടിയിൽ നിന്ന് പുറത്താക്കിയ ടൗൺ ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിയെ കൂടുതൽ പ്രകോപിക്കേണ്ടെന്ന നിലപാടിലാണ് സിപിഐഎം. പ്രമോദ് എന്ത് പ്രകോപനം ഉണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടെടുത്തെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര ഏജൻസി അന്വേഷണത്തിനെത്തിയാൽ പാർട്ടി പ്രതിസന്ധിയിലാകും എന്ന് വിലയിരുത്തലിലാണ് നേതൃത്വം.

ടൗൺ ഏരിയാ കമ്മറ്റിയുടെ ഉറച്ച നിലപാടാണ് പ്രമോദിനെ പുറത്താക്കാൻ കാരണം. ബിജെപി അനുഭാവിയായ ദൂതൻ വഴിയാണ് പ്രമോദ് പണം വാങ്ങിയതെന്നാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. പ്രമോദിനെതിരെ കോട്ടൂളിയിലെ വനിതാ നേതാവും പാർട്ടിക്ക് പരാതി നൽകിയിരുന്നു.

എന്നാൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണമെന്ന നിലപാടിലാണ് പ്രമോദ് കോട്ടൂളി. പാ‍ർട്ടിയെ താൻ തള്ളിപ്പറയില്ല. പക്ഷേ പാർട്ടിക്കകത്ത് കയറി തെറ്റിദ്ധരിപ്പിച്ചവരെ പുറത്തു കണ്ടു വരണം. പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. നിയമ നടപടി സ്വീകരിക്കുമെന്നും പ്രമോദ് പറഞ്ഞു. പുറത്താക്കിയ കാര്യം പാർട്ടി അറിയിച്ചിട്ടില്ലെന്നും പ്രമോദ് വ്യക്തമാക്കി.

പ്രമോദ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി ഇയാളെ പുറത്താക്കിയത്. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള്‍ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സസ്പെന്‍ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്‍പക്ഷം.

എന്നാൽ എന്തിൻ്റെ പേരിലാണ് സിപിഐഎം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തതെന്നാണ് കോൺഗ്രസിന്റെ ചോദ്യം. 22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല. ഇതിൻ്റെ പിന്നിൽ ആരെല്ലാമാണ് എന്ന് കണ്ടെത്തണം. കോഴിക്കോട് ഡിസിസി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകും. നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.

പിഎസ്‍സി കോഴയിൽ മന്ത്രി മുഹമ്മദ് റിയാസും കുറ്റക്കാരനാണെന്നാണ് യാസിന് പരാതി ലഭിച്ചപ്പോൾ പൊലീസിനോടാണ് പറയേണ്ടിയിരുന്നത്. പക്ഷേ ആ പരാതി പാർട്ടിക്ക് കൈമാറി. അതു തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാർ ആരെങ്കിലും ഇതിലുണ്ടെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞ പ്രവീൺ കോഴ ആരോപണത്തിൽ കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണെന്നും വ്യക്തമാക്കി.

Pramod Kottoolly
പ്രമോദിനെ പുറത്താക്കിയത് എന്തിന്? കോഴ ആരോപണത്തിൽ റിയാസും കുറ്റക്കാരനെന്ന് പ്രവീൺ; കോൺഗ്രസ് സമരത്തിന്

Related Stories

No stories found.
logo
Reporter Live
www.reporterlive.com