'ശ്രീജിത്ത് പണം നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം'; പ്രമോദ് കോട്ടൂളി ഇന്ന് പരാതി നൽകിയേക്കും

സിപിഐഎം നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രമോദ് കോട്ടൂളിയുടെ കഴിഞ്ഞ ദിവസത്തെ വൈകാരികമായ നീക്കങ്ങൾ
Pramod Kottoolly
Pramod Kottoolly
Updated on

കോഴിക്കോട്: പിഎസ്‍സി കോഴയാരോപണത്തിൽ സിപിഐഎം നടപടിയെടുത്ത് പുറത്താക്കിയ ടൗൺ ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളി ഇന്ന് കമ്മീഷണറെ കണ്ടേക്കും. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുകയും കോഴ കൊടുത്തുവെന്ന് പറയപ്പെടുന്ന ശ്രീജിത്ത് ആർക്കെങ്കിലും പണം കൊടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനും സാധ്യതയുണ്ട്.

സിപിഐഎം നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രമോദ് കോട്ടൂളിയുടെ കഴിഞ്ഞ ദിവസത്തെ വൈകാരികമായ നീക്കങ്ങൾ. പുറത്താക്കിയ വാർത്ത അറിഞ്ഞതിന് പിന്നാലെ അമ്മയെയും മകനെയും കൂട്ടി കോഴയാരോപണത്തിലെ പരാതിക്കാരൻ എന്ന് പ്രമോദ് തന്നെ ആരോപിക്കുന്ന ശ്രീജിത്തിൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീടിന്‍റെ മുന്നിലാണ് സമരം നടത്തിയത്. തെളിവില്ലാതെയാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടിലെന്നും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും പ്രമോദ് പറഞ്ഞിരുന്നു.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സത്യാവസ്ഥ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതു പുറത്തുകൊണ്ടുവരണമെന്നുമാണ് പ്രമോദിന്റെ ആവശ്യം.

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ഇതു പരിശോധിച്ച ജില്ലാ കമ്മിറ്റി ഇയാളെ പുറത്താക്കുകയായിരുന്നു. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള്‍ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സസ്പെന്‍ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്‍പക്ഷം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com