'മൃതദേഹം ജോയിയുടേത് തന്നെ'; സ്ഥിരീകരിച്ചതായി മേയര്‍

മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു
'മൃതദേഹം ജോയിയുടേത് തന്നെ'; സ്ഥിരീകരിച്ചതായി മേയര്‍
Updated on

തിരുവനന്തപുരം: തകരപ്പറമ്പ് ഭാഗത്തെ കനാലില്‍ കണ്ടെത്തിയ മൃതദേഹം റെയില്‍വെ താല്‍കാലിക തൊഴിലാളിയായിരുന്ന ജോയിയുടേതുതന്നെയെന്ന് സ്ഥിരീകരിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.

46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയർ പറഞ്ഞു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങി ജോയിയെ തിരയുകയെന്നത് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായിരുന്നു. തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. റെയില്‍വേ പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടർന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com