'മാധ്യമങ്ങളുണ്ടാകണം'; റിപ്പോര്‍ട്ടര്‍ ടിവി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ നിയമ വിരുദ്ധമല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസിലെ എഫ്‌ഐആറും തുടര്‍നടപടിക്രമങ്ങളും റദ്ദാക്കി
High Court
High Court
Updated on

കൊച്ചി: മാധ്യമ സ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യം അവസാനിക്കുമെന്ന് ഹൈക്കോടതി. സത്യവും മിഥ്യയും എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെങ്കില്‍ മാധ്യമങ്ങളുണ്ടാകണം. വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് തൂലിക. തൂലിക ഉപയോഗിക്കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിംഗിള്‍ ബെഞ്ച് പരാമർശിച്ചു. 2013ല്‍ സോളാര്‍ വിവാദ കാലത്ത് ജയിലില്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയതിന് റിപ്പോര്‍ട്ടര്‍ ടിവിയിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ ചുമത്തിയ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി.

മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വിധിന്യായത്തില്‍ ഇങ്ങനെ എഴുതി; 'മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ അനിവാര്യമാണ്. സത്യവും മിഥ്യയും എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. എങ്കിലേ ജനാധിപത്യ ക്രമത്തില്‍ ശരിയായി പങ്കാളിയാകാനാവൂ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വാളിനെക്കാള്‍ മൂര്‍ച്ചയുള്ളതാണ് തൂലിക. എന്തെന്നാല്‍ മനസുകളെ മാറ്റാനും ലോകത്തെ രൂപപ്പെടുത്താനും തൂലികയ്ക്ക് കഴിയും. തൂലിക ഉപയോഗിക്കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം. റിപ്പോര്‍ട്ടിംഗിലെ നേരിയ പിഴവുകള്‍ പോലും വ്യക്തിയുടെ സ്വകാര്യതയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെയും ബാധിക്കും. അതിനാല്‍ ജാഗ്രതയോടെ മാധ്യമ പ്രവര്‍ത്തനം നടത്തണം.'

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ടെനി ജോപ്പനെ പത്തനംതിട്ട ജില്ലാ ജയിലില്‍വെച്ച് ദൃശ്യവത്കരിക്കാന്‍ ശ്രമിച്ച കേസ് റദ്ദാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജയിലിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചത് ജയില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു ജയില്‍ സുപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമ പ്രവര്‍ത്തകരായിരുന്ന പ്രദീപ് സി നെടുമണ്‍, പ്രശാന്ത് എന്നിവര്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ നിയമ വിരുദ്ധമല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസിലെ എഫ്‌ഐആറും തുടര്‍നടപടിക്രമങ്ങളും റദ്ദാക്കി. ചില ലക്ഷ്യങ്ങളിലേക്കെത്താന്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം നിയമത്തിന്റെ കണ്ണില്‍ ശരിയാകണമെന്നില്ല. അതിലൊന്നാണ് സ്റ്റിംഗ് ഓപ്പറേഷന്‍. വ്യക്തികളെ ലക്ഷ്യമിട്ടോ ദുരുദ്ദേശപരമായോ ആണ് സ്റ്റിംഗ് ഓപ്പറേഷനെങ്കില്‍ നിയമത്തിന്റെ പിന്തുണ ലഭിക്കില്ല. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്ത സ്റ്റിംഗ് ഓപ്പറേഷന്‍ ദുരുദ്ദേശപരമായിരുന്നില്ല. സത്യം പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു സ്റ്റിംഗ് ഓപ്പറേഷന്‍. റിമാന്‍ഡ് തടവുകാരന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയില്ല. പകര്‍ത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ കുറ്റകൃത്യം ചെയ്യുകയെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. നിയമം ലംഘിക്കുകയെന്നതും മാധ്യമ പ്രവര്‍ത്തകരുടെ ലക്ഷ്യമായിരുന്നില്ല. വാര്‍ത്ത മാത്രമായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ കേസിലെ എഫ്‌ഐആറും തുടര്‍ നടപടികളും റദ്ദാക്കുന്നുവെന്നാണ് ഹൈക്കോടതിയുടെ വിധി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com