തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ നാല് മരണമായി. കണ്ണൂര്‍ ചൊക്ലി ഒളവിലം വെള്ളകെട്ടില്‍ വീണു ഒരാള്‍ മരിച്ചു. മേക്കരവീട്ടില്‍താഴെ കുനിയില്‍ കെ ചന്ദ്രശേഖരന്‍ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വെള്ളകെട്ടില്‍ വീണ് കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിന (51) മരിച്ചിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കോഴിക്കോട് മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. ഇരുവഴിഞ്ഞി പുഴയും ചെറുപുഴയും കരകവിഞ്ഞു. പുഴകളുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള മുക്കത്തുനിന്നും ചോണാട് പോകുന്ന റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു, മാവൂര്‍ കച്ചേരിക്കുന്നില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കോട്ടൂളി തെക്കും തായാട്ട് വീട്ടില്‍ ചന്ദ്രന്റെ പുരയിടത്തില്‍ രാത്രി കിണറിടിഞ്ഞു താഴ്ന്നു. മലപ്പുറം എടവണ്ണപ്പാറയില്‍ ബസ്സിന് മുന്നില്‍ മരം കടപുഴകി വീണു. അപകടതില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. മുക്കം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കി. കാടമ്പുഴയില്‍ വീടിന് മുകളിലേക്ക് മരം വീണു. കാടാമ്പുഴ പടിഞ്ഞാറെ നിരത്ത് സ്വദേശി പൊതിയില്‍ ഹനീഫയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. കുന്നുമ്മല്‍ താമരകുഴിയില്‍ വാഹനത്തിന് മുകളിലേക്ക് മരം വീണു. രാവിലെ 08.45 ഓടെ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് മുകളിലാണ് മരം വീണത്. വാഹനത്തില്‍ കുടിങ്ങിയ രണ്ട് പേരെയും അര മണിക്കൂറിലധികം സമയം എടുത്താണ് അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്നയാളെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടര്‍ന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശ നഷ്ട്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സംസ്ഥാനത്ത് പ്രളയ സമാന സാഹചര്യം ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്ത സേന തയ്യാറാണെന്നും മന്ത്രി അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള യാത്രാ നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറ് ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള സജ്ജീകരണം തയ്യാറാണ്. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കനത്ത മഴയില്‍ അട്ടപ്പാടി ചെമ്മണ്ണൂര്‍ പാലം വെള്ളത്തിനടിയിലായി. പൊട്ടിക്കല്‍ വീട്ടിയൂര്‍ ഊരുകളെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു. ഭവാനിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പാലം മുങ്ങാന്‍ കാരണം.
തൃശ്ശൂര്‍ ഒല്ലൂര്‍ ചീരാച്ചി വളവില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് മുകളിലാണ് മരം വീണത്. വാഹനത്തില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒല്ലുര്‍ വഴി എറണാകുളത്തേക്ക് പോകുന്ന പ്രധാന പാതയാണിത്. കണ്ണൂര്‍ തലശ്ശേരി കീഴന്തി മുക്കിലെ റോഡിന് കുറുകെ മരം കടപുഴകി വീണു. ഫയര്‍ ഫോഴ്‌സെത്തിയാണ് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മലപ്പുറം കാടമ്പുഴയില്‍ വീടിന് മുകളിലേക്ക് മരം വീണു. കാടാമ്പുഴ പടിഞ്ഞാറെ നിരത്ത് സ്വദേശി പൊതിയില്‍ ഹനീഫയുടെ വീടിന് മുകളിലേക്കാണ് മരം വീണത്.
ഈ സമയത്ത് വീട്ടിലാരും ഇല്ലാത്തതിനാന്‍ വലിയ അപകടം ഒഴിവാക്കി. പാലക്കാട് നെന്മാറയിലും കനത്ത മഴയില്‍ വീട് തകര്‍ന്നു വീണു. നെന്മാറ വലങ്ങി ആര്‍വിസി റോഡില്‍ താമസിക്കുന്ന രാമു അമ്മാളിന്റെ വീടാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ ആളപായമില്ല. തിരുവനന്തപുരം കുറവന്‍ കോണത്ത് ഹോട്ടലിന്റെ മതില്‍ ഇടിഞ്ഞ് വീണു. അപകടത്തില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു. മൂന്ന് പേര്‍ മാത്രമാണ് ആ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നത്. ഏലൂര്‍ ബോസ്‌കോ കോളനിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ 20 വീടുകളില്‍ വെള്ളം കയറി. കുന്നത്തുനാട് കെട്ടിടത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. കുന്നത്തുനാട് വാഴക്കുളത്ത് മൂന്നു വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ആലുവ ശിവക്ഷേത്രമടക്കം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.