LIVE BLOG: മഴ അതിതീവ്രമാകും: രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടത്തും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
LIVE BLOG: മഴ അതിതീവ്രമാകും: രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്തുടനീളമുണ്ടാകുന്നത്. ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിൽ ഇടവിട്ട മഴ ശക്തം

ഇടുക്കിയില്‍ മഴ ശക്തം. ചെറുകിട അണക്കെട്ടുകളിൽ മൂന്നെണ്ണം തുറന്നു. കല്ലാർകുട്ടി പാമ്പ്ള, ലോവർപെരിയ അണക്കെട്ടുകളാണ് തുറന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാകും. ജില്ലയിലെ പുഴകളിലും തോടുകളിലും നീരൊഴുക്ക് ശക്തമാണ്. അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി

ഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി. അഞ്ചുമീറ്റർ വീതമാണ് ഉയർത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മീൻപിടിക്കാൻ പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

കന്നുകാലികൾ തുരുത്തിൽ അകപ്പെട്ടു

കനത്ത മഴയിൽ കന്നുകാലികൾ തുരുത്തിൽ അകപ്പെട്ടു. മലപ്പുറം തിരുനാവായയിലാണ് സംഭവം. മുപ്പതോളം കന്നുകാലികൾ തുരുത്തിൽ കുടുങ്ങിക്കിടക്കുന്നു. ഭാരതപ്പുഴയിലെ തുരുത്തിലാണ് കുടുങ്ങിയത്.

യുവാവ് പുഴയിൽ വീണ് മരിച്ചു

ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിയാതെ തെന്നി വീഴുകയായിരുന്നു. താളുംകണ്ടം പുഴയിലേക്ക് ആണ് സനീഷ് വീണത്.

ആലപ്പുഴയിൽ തകർന്നത് 109 വീടുകൾ

ആലപ്പുഴയിൽ മഴയിലും കാറ്റിൽ ഇതുവരെ തകർന്നത് 109 വീടുകൾ. ജില്ലയിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 10 കുടുംബങ്ങളിലെ 28 പേർ ക്യാമ്പുകളിൽ ഉണ്ട്.

ഇന്ന് അവധി

രക്ഷാപ്രവർത്തനം എങ്ങനെ? പഠനത്തിന് സംഘം

വെള്ളപ്പൊക്കം ഉണ്ടായാൽ രക്ഷാപ്രവർത്തനം എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ കേന്ദ്ര ദുരന്തനിവാരണ സംഘം കുട്ടനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. തമിഴ്നാട് കാരക്കോണം ഫോർത്ത് ബറ്റാലിയനിലെ 16 അംഗസംഘമാണ് സന്ദർശനം നടത്തിയത്. സബ് ഇൻസ്പെക്ടർ വിശാൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ, അവിടേക്ക് എത്താവുന്ന വഴികൾ തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനായിരുന്നു എൻഡിഎഫ് എൻഡിആർഎഫ് സംഘംത്തിന്റെ സന്ദർശനം. സംഘം ഓഗസ്റ്റ് 31 വരെ ജില്ലയിൽ തുടരും.

കണ്ണൂർ ജില്ലയിൽ ഇടവിട്ട മഴ

മലയോര മേഖലയിൽ രാത്രിയിലുണ്ടായ ശക്തമായ മഴയിൽ പലയിടത്തും മണ്ണിടിച്ചൽ ഉണ്ടായി. പാൽചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു.

വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടം

എറണാകുളം പള്ളിക്കരയിൽ മുട്ടംതോട്ടിൽ ജോമോൻ മാത്യൂവിൻ്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി 10.30ഓടെയാണ് വലിയ ശബ്ദത്തിൽ മൺകട്ടകൾ വീടിൻ്റെ പിന്നിലേക്ക് പതിച്ചത്. മണ്ണിടിച്ചിലിൽ വീടിന്റെ 2 മുറികൾ പൂർണമായും തകർന്നു. ജോമോനും,കുടുംബവും ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചിൽ.

കനത്ത മഴ, വീടുകളില്‍ വെള്ളം കയറി

കനത്ത മഴയില്‍ മലപ്പുറം പൊന്നാനിയിൽ വീടുകളില്‍ വെള്ളം കയറി. പൊന്നാനി പാലപ്പെട്ടിയിലും, ഹിലർപള്ളിയിലും വീടുകളിലേക്ക് വെള്ളം കയറി.

മരം വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴയിൽ മരം വീണ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. മട്ടാഞ്ചേരി പാലത്തിനു സമീപം ആഞ്ഞടിച്ച കാറ്റിൽ മരക്കൊമ്പ് വീണ് ഗുരുതരമായി പരുക്കേറ്റ ഉനൈസാണ് മരിച്ചത്.

മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിലും കാറ്റിലും പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒന്നൊര മണിക്കൂറോളമാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്. പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. കണ്ടെയ്നറിനു മുകളിലേക്കാണ് മരം വീണത്. വാഹനം ഭാഗികമായി തകർന്നു,

മരം വീണു, ഗതാഗതം തടസ്സപ്പെട്ടു

അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അതിരപ്പിള്ളി മുക്കം പുഴയിലാണ് മരം റോഡിലേക്ക് വീണത്. വൈദ്യുതി ലൈനുകളും പൊട്ടിവീണു. മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുകയാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: കെ സുധാകരന്‍

വ്യാപകമായ മഴയില്‍ ജനങ്ങള്‍ സംസ്ഥാനത്തുടനീളം കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. മാലിന്യ പ്രശ്നം, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണ് ജനം അനുഭവിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും സേവാദളിന്റെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം. ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നല്‍കുന്നതില്‍ എല്ലാവരും സജീവ പങ്കാളികളാകണമെന്നും കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലപ്പുറം എടവണ്ണപ്പാറ വിളയിൽ എളങ്കാവിൽ പ്രദേശത്ത് ആണ് വെള്ളം കയറിയത്. പ്രാദേശിക റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. തോണി മാർഗമാണ് നാട്ടുകാർ പ്രധാന പാതയിൽ എത്തുന്നത്. സമീപത്തെ പുഴകളിൽ നിന്ന് വെള്ളം ഇരച്ച് കയറിയതാണ് വെള്ളം കയറാൻ കാരണം.

കിണർ ഇടിഞ്ഞ് താഴ്ന്നു

മലപ്പുറം അമരമ്പലത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. അമരമ്പലം സ്വദേശി ഉമ്മർ ഫാറൂഖ് ഷാഫിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലാണ് കിണറിടിഞ്ഞത്. കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായി.

മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലേക്ക് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാല് കുട്ടികളടക്കം 33 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയും മുന്നിൽകണ്ടാണ് ക്യാമ്പ് തുറന്നത്.

എട്ടിടത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും. തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രാജാ കാട്ടിൽ ഏത്തവാഴ കൃഷി കാറ്റിൽ നശിച്ചു. പന്താങ്കൽ തുളസിയുടെ 500 ഓളം വാഴകളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. ബാങ്ക് വായ്പ എടുത്തു നടത്തിയ കൃഷിയാണ് പൂർണമായും നശിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി മഴയ്ക്കൊപ്പം അതിശക്തമായ കാറ്റാണ് ഇടുക്കി മലയോരത്ത് രേഖപ്പെടുത്തിയത്. കാറ്റിൽ മരങ്ങൾ കടപുഴകിയും മറ്റും നാശനഷ്ടങ്ങൾ ഉണ്ടായി.

മലപ്പുറത്ത് രണ്ടു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറത്ത് രണ്ടു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. മേഖലയിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കാലവര്‍ഷപ്പെയ്ത്ത്: മൂന്ന് മരണങ്ങള്‍ കൂടി

കാലവർഷ പെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ മൂന്നു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മുഴുവൻ ജില്ലകൾക്കും മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

വയനാട് റെഡ് അലേര്‍ട്ട്

മഴ അതിതീവ്രമാകുന്നു. വയനാട് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് വയനാട് പ്രവചിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. തീവ്രമഴയാണ് ഇവിടെ പ്രവചിക്കുന്നത്. മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആയിരിക്കും.

കടലുണ്ടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നു, ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു

കടലുണ്ടിപ്പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് മലപ്പുറം വേങ്ങരയിലെ ബാക്കിക്കയം റഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും പൂര്‍ണമായി തുറന്നു. നിലവിലെ ജലനിരപ്പ് 6.10 മീറ്ററാണ്. റഗുലേറ്ററിന്റെ മുന്നറിയിപ്പ് ലെവല്‍ 5.8 മീറ്ററും അപകട ലെവല്‍ 6.8 മീറ്ററുമാണ്. ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇടുക്കി കുരിശുപാറ ടൗണില്‍ മണ്ണിടിച്ചില്‍

കുരിശുപാറ ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് സമീപത്തുണ്ടായിരുന്ന വലിയ മണ്‍തിട്ട ഇടിഞ്ഞ് വീണു നാല് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശം സംഭവിച്ചു. ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 18) ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴ;  കാലിക്കറ്റ് സർവകലാശാലാ പാർക്ക് ഒരാഴ്ചത്തേക്ക് അടച്ചിടും

കനത്ത മഴയെ തുടർന്ന് കാലിക്കറ്റ് സർവകലാശാലാ പാർക്ക് ജൂലൈ 18 മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് പാർക്കിന്റെ ചുമതലയുള്ള ഡോ. മഞ്ജു സി നായർ അറിയിച്ചു.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കോട്ടയം താലൂക്കില്‍ നാലും ചങ്ങനാശ്ശേരിയിൽ ഒരു ക്യാമ്പും തുറന്നു. അഞ്ച് ക്യാമ്പുകളിലായി 79 പേരെ മാറ്റി പാർപ്പിച്ചു.

കണ്ണൂരിൽ നിന്നും വയനാട്ടിലേയ്ക്കുള്ള അമ്പായത്തോട്-പാൽചുരം റോഡിൽ ഗതാഗത നിയന്ത്രണം

കണ്ണൂരിൽ നിന്നും വയനാട്ടിലേയ്ക്കുള്ള അമ്പായത്തോട്-പാൽചുരം റോഡിൽ ഭാരവാഹന ഗതാഗത നിയന്ത്രണവും, രാത്രി യാത്ര നിരോധനവും ഏർപ്പെടുത്തി. ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്കാണ് ഭാരവാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി കാല ഗതാഗത നിരോധനവും ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ്) അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം 

നാളെ (18-07-2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ജില്ല കളക്ടർ. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തീവ്രമഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. 4 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഉയർത്തി 

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെൻറീമീറ്റർ വീതം ഉയർത്തി. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

കണ്ണൂരിൽ ഇടവിട്ട മഴ

കണ്ണൂരിൽ ഇടവിട്ട മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇരിട്ടി അയ്യൻ കുന്നിൽ വീട് തകർന്നു. തകർന്നത് കട്ടകൊണ്ട് നിർമിച്ച വീട്. ആളപായമില്ല.

തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു

തൃശ്ശൂർ ചെമ്പുക്കാവിൽ വീട്ടുവളപ്പിൽ നിന്ന് തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു. ചെമ്പുക്കാവ് പള്ളി മൂല റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി. തെങ്ങ് മുറിച്ചുമാറ്റാനുള്ള നടപടികള്‍ തുടരുകയാണ്.

വയനാട് മണ്ണിടിച്ചിൽ

വയനാട് മീനങ്ങാടി അമ്പലപടിയിൽ മണ്ണിടിച്ചിൽ. കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ദേശീയപാതയിലേക്ക് ചെളി ഒഴുകിയെത്തിയതിനാല്‍ ഗതാഗത തടസമുണ്ടായി. ദേശീയപാതയ്ക്കരികിലെ കൃഷിയിടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

തീരത്തുള്ളവർ ജാഗ്രത പാലിക്കണം

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെൻറീമീറ്റർ വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂവാറ്റുപുഴ തൊടുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

വെള്ളം കയറി

കണ്ണൂർ മട്ടന്നൂർ വെളിയമ്പ്രയിൽ വെള്ളം കയറി. നിർത്തിയിട്ട കാർ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ കണ്ണൂർ ജില്ലയുടെ പല ഭാഗത്തും പെയ്യുന്നത്. കൊട്ടിയൂർ പാൽച്ചുരം വഴി ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പാനൂർ കുന്നോത്ത്പറമ്പ് മേഖലയിലും റോഡിൽ വെള്ളം കയറി.

കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു

മംഗലംഡാം വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. സമീപത്തെ പുരയിടത്തിനും നാശനഷ്ടങ്ങളുണ്ട്. നിരവധി വീടുകളുള്ള ഈ പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തകരാറിലായി.

മരം മുറിച്ചുമാറ്റണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്. മരം ഏറ്റെടുക്കാൻ കരാറുകാർ വന്നാൽ അധിക വില പറഞ്ഞു അധികൃതർ ഒഴിവാക്കുകയാണെന്നും പരാതിയുണ്ട്.

ഇടുക്കിയിൽ തകർന്നത് 25 വീടുകൾ

കാലവർഷത്തിൽ ഇടുക്കിയിൽ തകർന്നത് 25 വീടുകൾ. 23 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

മണ്ണിടിച്ചിൽ ഭീഷണി: പ്രതിഷേധവുമായി ആദിവാസികൾ

മലപ്പുറം പോത്തുകൾ നാരാങ്ങാപ്പൊയിലിലെ 5 ആദിവാസി കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. കനത്ത മഴയിൽ ഭീഷണിയായി ഉയർന്നു നിൽക്കുന്ന കുന്ന് ഇടിയുമെന്ന ആശങ്കയിലാണ് പ്രതിഷേധം. മഴ കനത്താൽ നാട്ടുകാർ മറ്റ് ഇടങ്ങളിലേക്ക് മാറിയാണ് സുരക്ഷ തേടുന്നത്. യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മണ്ണിടിച്ചിൽ തടയാനുള്ള പ്രതിരോധ ഭിത്തി സ്ഥാപിക്കണം എന്നാണ് ആവശ്യം.

കണ്ണൂർ മട്ടന്നൂർ നായിക്കാലിയിൽ റോഡിടിഞ്ഞു

കണ്ണൂർ മട്ടന്നൂർ നായിക്കാലിയിൽ റോഡിടിഞ്ഞു. മട്ടന്നൂർ- ഇരിക്കൂർ റോഡിൻ്റെ ഒരു ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. റോഡിന്റെ പുനർനിർമ്മാണം നടക്കുന്ന ഭാഗത്താണ് അപകടം. ഇത് വഴിയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. സമീപത്തെ കുടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മതിലിടിഞ്ഞ് റോഡിലേക്ക്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കണ്ണൂർ അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം. സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കുട്ടികൾ ഒഴിഞ്ഞുമാറുമ്പോൾ റോഡിൽ വാഹനങ്ങൾ വരാതിരുന്നതും അപകടം ഒഴിവാക്കി. സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഫ്‌ളക്‌സ് വീണു; കൊച്ചി മെട്രോ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെച്ചു

കൊച്ചി മെട്രോ സർവീസ് താൽക്കാലികമായി നിർത്തി വച്ചു. ട്രാക്കിൽ ഫ്ലെക്സ് വീണതിനാലാണ് ഗതാഗതം തടസപ്പെട്ടത്. കലൂർ- ടൗൺ ഹാൾ സ്റ്റേഷനുകൾക്കിടയിലാണ് ഫ്ലക്സ് വീണത്.

രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.

ഇടുക്കി ജിലയിൽ അതിശക്തമായ മഴ തുടരുന്നു

മൂന്നാർ ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിരോധനം മറികടന്ന് പോയ സ്കൂൾ ബസ് തടഞ്ഞ് പൊലീസ്. ബസ് ഡ്രൈവർക്ക് താക്കീത് നല്‍കി. മേഖലയിൽ കർശന ജാഗ്രത പുലർത്താൻ ദേവികുളം സബ് കളക്ടർ പൊലീസിന് നിർദേശം നൽകി.

കടലാക്രമണം രൂക്ഷം

എറണാകുളം എടവനക്കാട് രാവിലെ ശക്തമായ കടൽക്ഷോഭം. കടൽ തീരത്തുള്ള ആറ് വീടുകളോളം വെള്ളത്തിലായി. തീരത്ത് നിന്ന് ഒരു കിലോമീറ്റർ പരിധി വരെ വെള്ളം കയറി.

വീട് തകർന്നു

കനത്ത മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. കുടുംബാംഗങ്ങൾ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതോടെ വലിയ ദുരന്തം ഒഴിവായി. ജിസിഐ റോഡിൽ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിൻ്റെ വീടാണ് തകർന്നത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ ബന്ധു വീടുകളിലേക്ക് താമസം മാറി.

മരങ്ങൾ കടപുഴകി വീണു

കാറ്റിലും മഴയിലും കോഴിക്കോട് കാപ്പാട് ബീച്ചിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി തൂണുകൾ തകർന്ന് പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. കാപ്പാട് ബീച്ചിലേക്ക് രണ്ട് ദിവസത്തേക്ക് പ്രവേശനം നിരോധിച്ചു.

മഴയിൽ കെട്ടിടം തകർന്നു

പാലക്കാട് കൽപ്പാത്തിയിൽ മഴയിൽ കെട്ടിടം തകർന്നു. ചാവക്കാട് സ്റ്റോർ എന്ന കെട്ടിടമാണ് തകർന്നത്. മേൽക്കൂര ഉൾപ്പെടെ നിലം പതിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം.

വീടുകളിലേക്ക് വെള്ളം കയറി

മലപ്പുറം തിരൂരങ്ങാടിയിൽ വീടുകളിലേക്ക് വെള്ളം കയറി. പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. 13 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ഇന്നലെ വൈകീട്ടും, രാത്രിയിലുമായി പെയ്ത കനത്ത മഴയിലാണ് വീടുകളിലേക്ക് വെള്ളം കയറിയത്.

വീടുകൾ ഭാഗികമായി തകർന്നു

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിൽ 46 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പെയ്ത മഴയിലാണ് വീടുകൾ തകർന്നത്. 33 അംഗ എൻഡിആർഎഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

മലപ്പുറത്ത് മണ്ണിടിച്ചിൽ

മലപ്പുറത്ത് മണ്ണിടിച്ചിൽ. ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂട്ടിലങ്ങാടി കാടാമ്പുഴ റോഡിൽ പഴമള്ളൂരാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. ഓടിക്കൊണ്ടിരുന്ന ബൈക്ക് യാത്രികന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. യാത്രക്കാരൻ ബൈക്ക് ഉപേക്ഷിച്ചാണ് ഓടി രക്ഷപ്പെട്ടത്.

ശക്തമായ മഴ, ഇന്ന് അവധി

ശക്തമായ മഴയായതിനാല്‍ കോഴിക്കോട് ചെക്യാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. വിഷണുമംഗലം ബണ്ട് നിറഞ്ഞ് കവിഞ്ഞതോടെയാണ് സ്കൂളുകൾക്ക് അവധി നൽകിയത്.

ഇടുക്കിയിൽ ഇടവിട്ട് മഴ, പുഴകളിലെ നീരൊഴുക്ക് വർധിച്ചു

ഇടുക്കിയില്‍ ഇടവിട്ട് മഴ തുടരുന്നതോടെ പുഴകളിലെ നീരൊഴുക്ക് വർധിച്ചു. ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. മലങ്കര, കല്ലാർകുട്ടി തുടങ്ങിയ അണക്കെട്ടുകൾ തുറന്നിരുന്നു. മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലനിരപ്പ് 80 ശതമാനമാണ് നിലവില്‍. പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് 60 ശതമാനം. കുണ്ടള, ആനയിറങ്ങൽ അണക്കെട്ടുകളിലാണ് ജലനിരപ്പ് കുറവുള്ളത്. കുണ്ടളയിൽ 27 ശതമാനവും ആനയിറങ്ങിൽ 14ശതമാനവുമാണ് ജലനിരപ്പ്. ഇടുക്കി അണക്കെട്ടിൽ ആശങ്ക ഇല്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 47 ശതമാനമാണ്.

മരം വീണ് ഗതാഗതം തടസപ്പെട്ടു

നിലമ്പൂർ നാടുകാണി ചുരത്തിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ചെറിയ വാഹനങ്ങൾ മാത്രമാണ് നിലവിൽ പോകുന്നത്. റോഡിൽ നിന്ന് മരം നീക്കം ചെയ്യാനുള്ള നാട്ടുകാരുടെ ശ്രമം തുടരുകയാണ്. നിരവധി വാഹനങ്ങൾ പോകുന്ന അന്തർസംസ്ഥാന പാതയാണിത്.

വിമാനം വഴിതിരിച്ച് വിട്ടു

കണ്ണൂരിൽ നിന്ന് വിമാനം വഴിതിരിച്ച് വിട്ടു. മട്ടന്നൂരിൽ വിമാനത്താവള പ്രദേശത്ത് കനത്ത മഴയായതിനാലാണ് നടപടി. കുവൈത്ത്- കണ്ണൂർ വിമാനം കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്.

മഴയും മഞ്ഞും കാരണം റണ്‍വേ വിസിബിലിറ്റി കുറഞ്ഞു. ലാന്‍ഡിങിന് കഴിയാതായതോടെയാണ് വിമാനം വഴിതിരിച്ചുവിട്ടത്. ഒന്നില്‍ കൂടുതല്‍ തവണ ലാന്‍ഡിങിന് ശ്രമം നടത്തിയെങ്കിലും റണ്‍വേ കാണാനായിരുന്നില്ല. കാലാവസ്ഥ അനുകൂലമായാല്‍ വിമാനം തിരിച്ച് കണ്ണൂരിലെത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പെരുമ്പാവൂരിൽ കിണർ ഇടിഞ്ഞു

രായമംഗലത്ത് കുഞ്ഞുമോന്റെ വീട്ടിലെ കിണറിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. രാത്രി പെയ്ത മഴയിലാണ് കിണർ ഇടിഞ്ഞത്. കിണറിന്റെ ഒരു വശത്തെ ആൾമറ പൂർണമായും കിണറിലേക്ക് പതിച്ചു. ബാക്കി ഭാഗവും ഏതുനിമിഷവും ഇടിഞ്ഞു പോകാവുന്ന അവസ്ഥയിലാണ്.

മരം കടപുഴകി വീണു

വയനാട് മുത്തങ്ങയിൽ റോഡിനു കുറുകെ മരം കടപുഴകി വീണു. ഇതേതുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

സംസ്ഥാന പാതയോരത് മണ്ണിടിയുന്നു

സംസ്ഥാന പാതയോരത്ത് മണ്ണിടിയുന്നു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്താണ് മണ്ണിടിയുന്നത്. ഇവിടെ പെട്രോൾ പമ്പിനായി വ്യാപകമായി കുന്നിടിച്ചിരുന്നു. ഈ സ്ഥലത്താണ് മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്നത്.

കനത്തമഴ, വയനാട് ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

വയനാട് അഞ്ചുകുന്നു വെള്ളരിവയലിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പത്തിലേറെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. പഞ്ചായത്ത്‌ അധികൃതരെത്തിയിട്ടും കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറിയില്ല.

കക്കയം ഡാമിൽ ബ്ലൂ അലർട്ട്

കക്കയം ഡാമിൽ ബ്ലൂ അലർട്ട്. കനത്ത മഴയിൽ ജലനിരപ്പ് കൂടിയതിനെ തുടർന്നാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. മഴ ഇനിയും ശക്തമായാൽ ഷട്ടറുകൾ തുറക്കും. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

റോഡിലേക്ക് മണ്ണിടിഞ്ഞു വീണു

അടിമാലി കുമളി ദേശിയപാതയിൽ കല്ലാർകുട്ടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഉച്ചയോടെയായിരുന്നു സംഭവം. ഇടിഞ്ഞെത്തിയ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കണ്ണൂർ പാനൂരിൽ സ്കൂൾ ബസ്സ് വെള്ളക്കെട്ടിൽ കുടുങ്ങി

പാനൂർ ഹയർസെക്കൻഡറി സ്കൂൾ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ബസ്സിനകത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് സ്കൂൾ ബസ് തള്ളിനീക്കി. പാനൂർ കുന്നോത്ത് പറമ്പിലാണ് സംഭവം.

മണ്ണിടിച്ചിൽ 

കൊണ്ടോട്ടി പെരുവള്ളൂർ കുന്നത്ത്പറമ്പ് വെള്ളടാങ്കിന് സമീപം കുഴക്കയിൽകുണ്ടിൽ മണ്ണ് ഇടിച്ചിൽ. അഞ്ച് വീടുകൾ അപകടഭീതിയിൽ. പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നു.

മലപ്പുറം എടക്കര പുന്നപുഴയിൽ ജലനിരപ്പ് ഉയർന്നു

ജലനിരപ്പ് ഉയർന്നതോടെ പുന്നപുഴക്ക് കുറുകെയുള്ള മുപ്പിനി പാലത്തിൽ വെള്ളം കയറി. മൂത്തേടം, കരുളായി ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന പാലമാണിത്. ചാലിയാറിന്റെ പോഷകനദിയാണ് എടക്കരയിലെ പുന്നപ്പുഴ.

കോട്ടയത്ത് മുങ്ങിമരണം

കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരിൽ ശക്തമായ മഴ

കണ്ണൂർ പള്ളിയാംമൂലയിൽ വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പത്തോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. താഴെ ചൊവ്വ സ്പിന്നിംഗ് മില്ലിൻ്റെ പരിസരങ്ങളിലും വെള്ളം കയറുന്നു. വീടുകളിൽ വെള്ളം കയറി പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു.

കോഴിക്കോട് വിലങ്ങാട് ടൗണിൽ വെള്ളം കയറി 

വിലങ്ങാട് പുഴയിൽ വെള്ളം നിറഞ്ഞ് വിലങ്ങാട് തിനൂർ വില്ലേജുകളെ ബന്ധിപ്പിക്കുന്ന പാലം മുങ്ങി. വിലങ്ങാട് ടൗണിലും വെള്ളം കയറി.

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

കണ്ണൂർ ചമ്പാട് ചോതാവൂർ എച്ച്എസ്എസിലെ കുട്ടികളെ വെള്ളക്കെട്ടിനെ തുടർന്ന് സ്കൂൾ ബസിൽ നിന്നും ഇറക്കിവിട്ടു

കണ്ണൂർ ചമ്പാട് ചോതാവൂർ എച്ച്എസ്എസിലെ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയതിനെ തുടർന്നാണ് കുട്ടികളെ ഇറക്കിവിട്ടത്. പകരം സംവിധാനം ഒരുക്കാതെയാണ് കുട്ടികളെ പെരുവഴിയിൽ ഇറക്കിയത്. വലിയ വെള്ളക്കെട്ടുള്ള പ്രദേശത്ത് കുട്ടികളെ ഇറക്കിവിട്ടതിനെതിരെ നാട്ടുകാരുടെ രോഷപ്രകടനം. കുട്ടികളെ വെള്ളക്കെട്ടിലൂടെ വീട്ടിലേക്ക് പോകാൻ നാട്ടുകാർ അനുവദിക്കാത്തത് ദുരന്തം ഒഴിവാക്കി.

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (19-07-2024) അവധി

കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ് മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കനത്ത മഴ കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ (എംആർഎസ്), നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട് കാരശ്ശേരി വടിശ്ശേരി ബാലന്റെ കിണറാണ് ഇടിഞ്ഞത്. മോട്ടോറും മണ്ണിനടിയിൽ പെട്ടു.

പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു

കണ്ണൂർ പെരിങ്ങോം കോഴിച്ചാലിൽ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചു. മഴയിൽ ഒറ്റപ്പെട്ടുപോയ വീട്ടിലെ കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. ഒറ്റത്തടി പാലത്തിലൂടെയാണ് ഫയർ ഫോഴ്സ് ജീവനക്കാർ ഒന്നര വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ഒഴുക്കിൽപ്പെട്ട് പുഴയിൽ കാണാതായി

കണ്ണൂർ പെരുവാമ്പ പുഴയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. പെരിങ്ങോം ഫയർസ്റ്റേഷനിലെ സ്കൂബ ടീം തിരച്ചിൽ നടത്തുന്നു.

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് ജില്ലാ കലക്ടര്‍

ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. അതേസമയം, ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

വയനാട്ടിൽ നാളെ ഓറഞ്ച് അലർട്ട്

കനത്ത മഴ തുടരുന്ന വയനാട്ടിൽ നാളെ ഓറഞ്ച് അലേർട്ട്. കനത്ത മഴയെ തുടർന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റ്യാടി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു.

അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

കോഴിക്കോട് ജില്ലയിൽ പുതിയതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ നിലവിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 77 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത് .

ദേവികുളം താലൂക്കിലെയും ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെയും, ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. അവധി മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഗതാഗത തടസ്സത്തിനുള്ള സാധ്യത കണ്ട്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടി, നഴ്സറി, മദ്രസ, ട്യൂഷൻ സെൻ്ററും പ്രവർത്തിക്കാൻ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച പരിക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

logo
Reporter Live
www.reporterlive.com