'ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും';തീരുമാനങ്ങളെടുത്ത് കെപിസിസി ക്യാംപ് സമാപിച്ചു

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉപസംഹാര പ്രസംഗം നടത്തി.
'ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും';തീരുമാനങ്ങളെടുത്ത് കെപിസിസി ക്യാംപ് സമാപിച്ചു
Updated on

ബത്തേരി: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു നേതാക്കള്‍ക്ക് ചുമതല നല്‍കി കെപിസിസി എക്‌സിക്യൂട്ടീവ് സമാപിച്ചു. ചിട്ടയായ സംഘടന പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാനാണ് തീരുമാനം. പ്രാദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായി മുന്നോട്ടുപോകാനും ക്യാംപില്‍ തീരുമാനമുണ്ടായി.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ഭരണം പിടിച്ചെടുക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ ചുമതല നല്‍കാന്‍ ക്യാമ്പില്‍ തീരുമാനമുണ്ടായി. കണ്ണൂര്‍-കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എറണാകുളം-പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോഴിക്കോട്-കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തൃശ്ശൂര്‍- എഐസിസി സെക്രട്ടറി റോജി എം ജോണ്‍, കൊല്ലം-മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, തിരുവനന്തപുരം-പി സി വിഷ്ണുനാഥ് എന്നിങ്ങനെയാണ് ചുമതല നല്‍കിയത്. ജില്ലകളെ മൂന്ന് മേഖലകളാക്കി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കി.

തിരുവനന്തപുരം മേഖല-കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം മേഖല-ടിഎന്‍ പ്രതാപന്‍, കോഴിക്കോട് മേഖല-ടി സിദ്ധിഖ് എന്നിങ്ങനെയാണ് ചുമതല നല്‍കിരിക്കുന്നത്. ജില്ലകളുടെ സംഘടനാചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്കു പുറമേ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്‍കി.

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തില് ജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ക്യാംപിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് എല്ലാവരും ക്യാംപില്‍ പങ്കെടുത്തത്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. എല്ലാ നേതാക്കളെയും ഉള്‍ക്കൊള്ളും. പങ്കെടുത്ത മുഴുവനാളുകളും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനുള്ള തീരുമാനങ്ങളെടുത്തു. ശുഭാപ്തി വിശ്വാസത്തോടെയാണ് എല്ലാവരും പുറത്തിറങ്ങുന്നത്. യോഗത്തിന് മുന്‍പും ശേഷവും കെ മുരളീധരനുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പരിപൂര്‍ണ പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്നും വേണുഗോപാല്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉപസംഹാര പ്രസംഗം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാള്‍, പി വി മോഹന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ക്യാംപില്‍ പങ്കെടുത്തിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com