'മുഖ്യമന്ത്രിയെ പ്രശംസിച്ചാല്‍ എങ്ങനെ കുറ്റമാകും'; ദിവ്യ എസ് അയ്യരെ വിമര്‍ശിക്കുന്നവരോട് എ എ റഹിം

ശബരിയോടുള്ള വ്യക്തിപരമായ വിദ്വേഷവും ദിവ്യക്കെതിരായുള്ള സൈബര്‍ ആക്രമണത്തിന് കാരണമാകുന്നുവെന്നും റഹീം ആരോപിച്ചു.
'മുഖ്യമന്ത്രിയെ പ്രശംസിച്ചാല്‍ എങ്ങനെ കുറ്റമാകും'; ദിവ്യ എസ് അയ്യരെ വിമര്‍ശിക്കുന്നവരോട് എ എ റഹിം
Updated on

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യ മദര്‍ഷിപ്പിനെ വരവേല്‍ക്കുന്ന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിന് ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെ എ എ റഹിം. ചീഫ് സെക്രട്ടറിയും ഫിഷറീസ് സെക്രട്ടറിയും പറഞ്ഞതില്‍ പൊള്ളാത്തവര്‍ക്ക് ദിവ്യ എസ് അയ്യര്‍ പറഞ്ഞതില്‍ പൊള്ളുന്നത് ഒരു പ്രത്യേക തരം രോഗമാണെന്ന് അദ്ദേഹം ഹരിഹസിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ എന്ന നിലയിലാണ് ദിവ്യയെ ആക്രമിക്കുന്നത്. ശബരിയോടുള്ള വ്യക്തിപരമായ വിദ്വേഷവും ദിവ്യക്കെതിരായുള്ള സൈബര്‍ ആക്രമണത്തിന് കാരണമാകുന്നുവെന്നും റഹീം ആരോപിച്ചു.

എ എ റഹിമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചീഫ് സെക്രട്ടറിയും,ഫിഷറീസ് സെക്രട്ടറിയും

പറഞ്ഞതിൽ പൊള്ളാത്തവർക്ക്

ദിവ്യ എസ് അയ്യർ പറഞ്ഞതിൽ പൊള്ളുന്നത് ഒരു പ്രത്യേക തരം രോഗമാണ്.കഴിഞ്ഞ ദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യ മദർഷിപ്പിനെ വരവേൽക്കുന്ന ചരിത്ര ചടങ്ങിൽ ദിവ്യ എസ് അയ്യർ

ഐ എ എസ് മുഖ്യമന്ത്രിയുടെ നേതൃത്വ മികവിനെ കുറിച്ച് പരാമർശിച്ചു.വികസന കാര്യത്തിൽ അസാധ്യമായത് സാധ്യമാകാൻ തുടങ്ങിയിരിക്കുന്നുവെന്ന്.

ഒരു ഐ എ എസ് ഓഫീസർ മുഖ്യമന്ത്രിയുടെ നേതൃ പാടവത്തെ പ്രശംസിച്ചു സംസാരിച്ചാൽ അതെങ്ങനെ കുറ്റമാകും?

ഇതേ വേദിയിൽ തന്നെ മറ്റു രണ്ട് ഐ എ എസ് ഓഫീസർമാർ ഇതേ ദിശയിൽ അഭിപ്രായ പ്രകടനം നടത്തി.അവർ ആക്രമിക്കപ്പെടുന്നില്ല.

ദിവ്യ മാത്രം ആക്രമിക്കപ്പെടുന്നു.

കോൺഗ്രസ്സ് നേതാവിന്റെ ഭാര്യ എന്ന നിലയിലാണ് ദിവ്യയെ ആക്രമിക്കുന്നത്.ശബരിയോടുള്ള വ്യക്തിപരമായ വിദ്വേഷവും ദിവ്യക്കെതിരായുള്ള സൈബർ അക്രമണത്തിന് കാരണമാകുന്നു.ഇത് രണ്ടും അപരിഷകൃതമാണ്.ഒരാളുടെ ഭാര്യ എന്നതിനപ്പുറം ഒരു ഐ എ എസ് ഓഫീസർക്ക് പോലും വ്യക്തി എന്നനിലയിൽ അഭിപ്രായം പറയാനോ നിലപാടെടുക്കാനോ സാധിക്കാത്ത വിധം നമ്മുടെ നാടിനെ മാറ്റരുത്.

ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കോൺഗ്രസ്സ് സൈബർ കേന്ദ്രങ്ങൾ ദിവ്യയ്ക്കെതിരെ സൈബർ ബുള്ളിയിങ് തുടരുന്നത് ശ്രദ്ധയിൽപെട്ടു.

ശ്രീ കെ മുരളീധരനെ പോലെ മുതിർന്ന നേതാക്കൾ പോലും ദിവ്യയോടുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുന്നു.

കോൺഗ്രസ്സ് കുറെ നാളായി നടത്തുന്നത് ഇത്തരത്തിലുള്ള വിലകുറഞ്ഞ 'കോട്ടയം കുഞ്ഞച്ചൻ' സംസ്കാരമാണ്.ഒരിക്കൽ എന്നോടുള്ള രാഷ്ട്രീയ വെറുപ്പ് കാരണം എന്റെ ജീവിത പങ്കാളിയുടെ നേർക്ക് ഹീനമായ പ്രചരണം അഴിച്ചുവിട്ടു.അത്തരം ഒരനുഭവം കൂടിയുള്ളത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കണം എന്ന് തോന്നിയത്.

ശബരിനാഥൻറെ രാഷ്ട്രീയത്തിന്റെയും അഭിപ്രായങ്ങളുടെയും മെഗാഫോണായി മാത്രമേ അയാളുടെ ജീവിത പങ്കാളി പ്രവർത്തിക്കാവൂ എന്ന് പറയുന്നവർ കൂടോത്രക്കാലത്തിനും പതിറ്റാണ്ടുകൾക്ക് പിറകിൽ ജീവിക്കുന്നവരാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com